കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തർക്കം. പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷത്തിലെ ഒരു വിഭാഗവും ഇറങ്ങിപ്പോയി. ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർ‌ന്നത്. 2021-22 വ‌ർഷത്തെ പദ്ധതി നിർവഹണം, ജലജീവൻ മിഷൻ നടത്തിപ്പ്, അതി ദരിദ്രരെ കണ്ടെത്തൽ, ലേലം, ക്വട്ടേഷൻ അംഗീകരിക്കൽ തുടങ്ങി പന്ത്രണ്ട് ഇന അജണ്ട ഉൾപ്പെടുത്തിയാണ് യോഗം ചേർന്നത്. എന്നാൽ ഹാജർ ഒപ്പിടാതെ പ്രതിപക്ഷാംഗങ്ങൾ വിവിധ വിഷയങ്ങൾ ഉന്നയിച്ചു. പഞ്ചായത്ത് പദ്ധതികളുടെ നടത്തിപ്പിലെ വീഴ്ചകൾ, നിയമനം സംബന്ധിച്ച വിഷയം, അഴിമതി തുടങ്ങിയവ ഉന്നയിച്ചശേഷം സി.പി.എം, സി.പി.ഐ പ്രതിനിധികളായ നാലുപേർ ഇറങ്ങിപ്പോയി. തൊട്ടുപിന്നാലെ ബി.ജെ.പിയുടെ 6 അംഗങ്ങളും കോൺഗ്രസിന്റെ 4 അംഗങ്ങളും ഇറങ്ങിപ്പോയി.ബി.ജെ.പിയുടെ ഒരു വനിതാ അംഗവും പ്രസിഡന്റും വൈസ് പ്രസിഡന്റും കേരളകോൺഗ്രസ്(ജേക്കബ്) പ്രതിനിധിയും മാത്രമാണ് യോഗത്തിൽ ശേഷിച്ചത്. അതോടെ യോഗം പിരിച്ചുവിട്ടു. പഞ്ചായത്തിൽ ഏറെ നാളായി ഭരണസമിതിയിൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. കോൺഗ്രസിലെ ഒരു വിഭാഗം പ്രതിപക്ഷത്തോടൊപ്പം നിലപാടുകളെടുക്കുകയും ചെയ്യുന്നുണ്ട്. ഇടയ്ക്ക് പൊലീസ് കേസടക്കമുണ്ടായെങ്കിലും പ്രതിസന്ധികൾ പരിഹരിക്കാൻ ആരും മുൻകൈയെടുത്തിട്ടില്ല. മന്ത്രി കെ.എൻ.ബാലഗോപാൽ സംഘടിപ്പിച്ച വികസന സെമിനാറിൽ പഞ്ചായത്തിന് വേണ്ടുന്ന വികസന പദ്ധതികൾ എന്തൊക്കെയെന്ന് ചർച്ച ചെയ്ത് തീരുമാനമെടുത്ത് നൽകാനും പ്രസിഡന്റ് തയ്യാറാകാത്തതാണ് ഇപ്പോൾ കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.