pho
സുനിൽകുമാർ

പുനലൂർ: ആകാശവാണിയുടെ പുനലൂരിലെ എഫ്.എം സ്റ്റേഷനിൽ നിന്ന് കേബിളും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ മൂന്നാം പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂടൽ മിച്ചഭൂമിയിൽ എരിയാമ്മൂല തെക്കേക്കര വീട്ടിൽ നിന്ന് ഉമ്മന്നൂർ പോസ്റ്റോഫീസ് സമീപത്ത് എസ്.ബി.നിവാസിൽ താമസമാക്കിയ സുനി എന്ന സുനിൽകുമാറിനെ(42)യാണ് എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. 17ന് രാത്രിയിൽ സുനിൽകുമാർ ഉൾപ്പടെയുളള 3 പേർ ചേർന്നായിരുന്നു മോഷ്ടിച്ചത്. ഇതിൽ മറ്റ് പ്രതികളായ തൊളിക്കോട് പരവട്ടം സരസ്വതി നിലയത്തിൽ ചന്ദ്രൻ(39),പിറവന്തൂർ എൽ.പി.സ്കൂളിന് സമീപം നിഷാ ഭവനിൽ ബാബു എന്ന നിഷാദ്(38) എന്നിവരെ തൊട്ട് അടുത്ത ദിവസം തന്നെ പിടി കൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും അന്ന് റിമാൻഡ് ചെയ്തിരുന്നു. സംഭവം അറിഞ്ഞ മൂന്നാം പ്രതി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് പല സ്ഥലങ്ങളിലും കറങ്ങി നടന്ന പ്രതി പിന്നീട് പുനലൂരിൽ എത്തി. മഫ്ടിയിൽ എത്തിയ എ.എസ്.ഐ ആമീനും സംഘവും പുനലൂർ ടി.ബി ജംഗ്ഷനിൽ വച്ച് പിടി കൂടുകയായിരുന്നു.സി.പി.ഒ മാരായ അജീഷ്, രാജ്ബീർ തുടങ്ങിയവരും മോഷണ കേസിലെ പ്രതിയെ പിടികൂടെനെത്തിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.