കൊല്ലം: കൊട്ടാരക്കരയിലെ മുത്തശ്ശി വിദ്യാലയമായ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഇന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിക്കും. സ്കൂൾ രാജ്യാന്തര നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടങ്ങളൊരുക്കിയത്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് വർഷം കൊണ്ട് ഇവിടെ 8 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. 2018 മാർച്ചിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് രണ്ടര കോടി രൂപ ചെലവിട്ട് നിർമ്മിച്ച ബഹുനില മന്ദിരമാണ് ഇപ്പോൾ ഉദ്ഘാടനത്തിന് സജ്ജമായത്. ഹാബിറ്റാറ്റിനായിരുന്നു നിർമ്മാണ ചുമതല.
പേരും പെരുമയും
കൊട്ടാരക്കരയുടെ മുത്തശ്ശി വിദ്യാലയമായ ഗവ. ബോയ്സ് ഹൈസ്കൂളാണ് പേരുമാറ്റി ഗവ.ഹയർ സെക്കൻഡറി സ്കൂളായി മാറിയത്. മുൻ മുഖ്യമന്ത്രി ആർ. ശങ്കർ അടക്കമുള്ള പ്രമുഖർ പഠിച്ച സ്കൂളെന്ന പെരുമയുമുണ്ട്. 1894ൽ ആണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. വിദ്യാലയത്തിന് രണ്ടര ഏക്കർ സ്ഥലവും 2.13 ഏക്കർ കളിസ്ഥലവും ഉണ്ട്. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനായി 11 കെട്ടിടങ്ങൾ പൊളിക്കേണ്ടിവന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 1400ൽപ്പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
ഉദ്ഘാടന ചടങ്ങ്
ഇന്ന് രാവിലെ 10ന് നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യും.സ്കൂൾ വികസനത്തിന്റെ ഭാഗമായി 21 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ സംഭാവന ചെയ്ത പി.ആർ.വി ഗ്രൂപ്പ് ചെയർമാൻ ജി.തങ്കപ്പൻപിള്ളയെയും മികച്ച എൻ.എസ്.എസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ അവാർഡ് നേടിയ ഷിനോ വർഗീസിനെയും ചടങ്ങിൽ
ആദരിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി, പി.ഐഷാപോറ്റി, നഗരസഭ വൈസ് ചെയർപേഴ്സൺ അനിതാ ഗോപകുമാർ, എസ്.ആർ.രമേശ്, ബി.സനൽ കുമാർ, പി.കെ.വിജയകുമാർ, പ്രിൻസിപ്പൽ ആർ.പ്രദീപ് എന്നിവർ സംസാരിക്കും.