കരുനാഗപ്പള്ളി : യുവതികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭ കുടുംബശ്രീയിൽ ഓക്സിലറി ഗ്രൂപ്പുകൾക്ക് തുടക്കമാവുന്നു. നഗരസഭാ കുടുംബശ്രീ സി.ഡി.എസി ൽ സംഘടിപ്പിച്ച ആദ്യത്തെ ഓക്സിലറി ഗ്രൂപ്പ് രൂപീകരണ യോഗം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് അഭ്യസ്ത വിദ്യരായ യുവതികളെ നൈപുണ്യ പരിശീലനം നൽകി സാമ്പത്തിക ഉന്നമനവും സാമൂഹിക വികസനവും സാദ്ധ്യമാക്കുക എന്നതാണ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്.നഗരസഭയിലെ എല്ലാം ഡിവിഷനുകളിലും 18 മുതൽ 40 വയസ് വരെയുള്ള യുവതികളുടെ 50 അംഗങ്ങളെ വരെ ഉൾപ്പെടുത്തി ഓരോ ഗ്രൂപ്പ് വീതം രൂപീകരിക്കും. ഒരു ഗ്രൂപ്പിൽ 50 അംഗങ്ങൾ ഉണ്ടായിരിക്കും.നമ്പരുവികാല ആറാം ഡിവിഷനിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അനിത, സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി .മീന,
എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ ദീപ, കുടുംബശ്രീ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.