കൊല്ലം: ചവറ ശങ്കരമംഗംലം സ്കൂൾ വളപ്പിൽ പ്രവർത്തിച്ചിരുന്ന താത്കാലിക കൊവിഡ് ചികിത്സാ കേന്ദ്രത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനെ തുടർന്ന് എൻ.എച്ച്.എം അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറിയ കട്ടിലുകൾ, കസേരകൾ തുടങ്ങിയവ തിരികെ വാങ്ങാൻ കളക്ടർ അഫ്‌സാന പർവീൺ നിർദ്ദേശിച്ചു.
കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ഉപകരണങ്ങൾ സ്വകാര്യ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അനുമതിയില്ലാതെ നൽകിയത് വിവാദമായ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് കളക്ടറുടെ നിർദ്ദേശം. അംഗീകൃത കാരുണ്യപ്രവർത്തന സ്ഥാപനങ്ങൾക്ക് കൈമാറിയത് തിരികെ എടുക്കേണ്ടതില്ല. എന്നാൽ കാര്യമായ പ്രവർത്തനം നടത്താത്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് കൈമാറിയവ തിരിച്ചെടുക്കണം. ചികിത്സാ കേന്ദ്രത്തിലെ ഉപകരണങ്ങളുടെ പട്ടിക അടിയന്തരമായി കൈമാറണം. പ്രവർത്തനം തുടരുന്നവയുടെയും നിറുത്തിയ ചികിത്സാകേന്ദ്രങ്ങളുടെ പക്കലുള്ള സാധനങ്ങളുടെയും സമ്പൂർണ വിവരമാണ് സമർപ്പിക്കേണ്ടത്.
സർക്കാർ സ്ഥാപനങ്ങൾക്കും അംഗീകൃത സ്ഥാപനങ്ങൾക്കും എത്ര ഉപകരണങ്ങൾ കൈമാറി എന്നും വ്യക്തമാക്കണം. അവ അത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമുള്ളവ ആയിരുന്നോ എന്നും എൻ.എച്ച്.എം. റിപ്പോർട്ട് നൽകണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, എ.ഡി.എം എൻ. സാജിതാ ബീഗം, ഡി.എം.ഒ ഡോ. ആർ. ശ്രീലത, ഡി.പി.എം ദേവ്കിരൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
നൽകിയത് കെ.എം.എം.എൽ
കെ.എം.എം.എൽ ആണ് ശങ്കരമംഗലം സ്കൂളിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ഓക്സിജനു പുറമേ കിടക്കകൾ സജ്ജമാക്കിയത്. വിവിധ സന്നദ്ധ സംഘടനകൾ ലക്ഷക്കണക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ സൗജന്യമായി നൽകിയിരുന്നു. ഇവയിൽ വലിയൊരു ഭാഗമാണ് അനുമതിയില്ലാതെ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്തിലെ ഡ്രൈവറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നായിരുന്നു എൻ.എച്ച്.എം അധികൃതരുടെ വിശദീകരണം.