ഓച്ചിറ: ഗ്രാമപഞ്ചായത്ത് പരിധിയിൽ ദേശീയ പാതയിൽ ഉൾപ്പടെ കക്കൂസ് മാലിന്യങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഇന്നലെ ചതുപ്പ് നിലത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പത്താംവാർഡിൽ കോട്ടയിൽ മുക്കിന് പടിഞ്ഞാറ് വശമുള്ള വയലിലാണ് മാലിന്യങ്ങൾ തള്ളാൻ ശ്രമിച്ചത്. ചാക്കിലാക്കിയ മാലിന്യങ്ങളും ലോറിയും ഓച്ചിറ പൊലീസിന്റെ സഹായതോടെ പഞ്ചായത്ത് അധികൃതർ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. മാലിന്യങ്ങൾ അടങ്ങിയ ചാക്കുകെട്ടുകൾ ചതുപ്പ് നിലത്തിൽ കുഴിച്ചിടാനുള്ള ശ്രമമാണ് പഞ്ചായത്ത് അധികൃതർ തടഞ്ഞത്. ഓച്ചിറ കുഴുവേലിൽ മുക്കിന് സമീപം പ്രവർത്തിക്കുന്ന ആക്രിക്കടയിലേതാണ് മാലിന്യങ്ങളെന്ന് അധികൃതർ പറഞ്ഞു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, സെക്രട്ടറി ജി.രാധാകൃഷ്ണൻ, അസി.സെക്രട്ടറി രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
ഇതേസ്ഥലത്തുള്ള നീരൊഴുക്ക് തോട്ടിൽ കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യങ്ങൾ തള്ളിയിരുന്നു. സി.സി.ടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒരേക്കറോളം വരുന്ന നിലം മാലിന്യങ്ങൾ തള്ളുന്നതിനായാണ് സാമൂഹ്യ വിരുദ്ധർ ഉപയോഗിക്കുന്നത്.
വയനകം ശശിധരൻ,
സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം വയനകം ശാഖ.
മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടുന്നതിനായി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീരിക്ഷണസമിതികൾ പ്രവർത്തിക്കുന്നുണ്ട്. മാലിന്യങ്ങൾ കതള്ളുന്നവരെ കണ്ടുപിടിക്കുന്നതിനായി ദേശീയപാതയിൽ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ നാട്ടുകാരുടെ സഹായത്തോടെ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.
ജി. രാധാകൃഷ്ണൻ,
സെക്രട്ടറി ഓച്ചിറ, ഗ്രാമപഞ്ചായത്ത്.