അഞ്ചാലുംമൂട്: കൈക്കുഞ്ഞുമായി യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി കുഞ്ഞിനെ ഏൽപ്പിച്ച ശേഷം കായലിൽ ചാടി. സംഭവം കണ്ടുനിന്നവരിൽ ഒരാൾ സാഹസികമായി രക്ഷിച്ചു. ഇന്നലെ രാവിലെ 11ഓടെ മങ്ങാട് പാലത്തിലായിരുന്നു സംഭവം. അഷ്ടമുടി വടക്കേക്കര പനമൂട്ടിൽ വീട്ടിൽ ജോൺസൺ തങ്കച്ചനാണ് രക്ഷകനായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കരുനാഗപ്പള്ളി സ്വദേശിയായ യുവതിയും കൈക്കുഞ്ഞും സുഹൃത്തായ യുവാവുമൊത്ത് പരവൂർ പൊലീസ് സ്റ്റേഷനിലെത്തി ഭർത്താവായ പൂതക്കുളം കരടിമുക്ക് സ്വദേശിക്കെതിരെ പരാതി നൽകി. തുടർന്ന് ബൈക്കിൽ കരുനാഗപ്പള്ളിയിലേക്ക് മടങ്ങി. മങ്ങാട് പാലത്തിലെത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞ യുവതി പാലത്തിൽ ബൈക്ക് നിറുത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കുഞ്ഞിനെ യുവാവിന്റെ കൈയിൽ ഏൽപ്പിച്ച ശേഷം കായലിലേക്ക് ചാടി. സംഭവം കണ്ട യാത്രക്കാർ യുവതിക്ക് രക്ഷപ്പെടാനായി കയർ ഇട്ടുകൊടുത്തു. യുവതി അതിൽ പിടിച്ചെങ്കിലും വെള്ളത്തിലേക്ക് താഴുന്നതു കണ്ട ജോൺസൺ കായലിൽ ചാടി യുവതിയുമായി കരയിലെത്തി. അബോധാവസ്ഥയിലായ യുവതിയെ ജോൺസണും സമീപത്തുണ്ടായിരുന്നവരും ഓട്ടോറിക്ഷയിൽ മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പാരിപ്പള്ളി മെഡി. ആശുപത്രിയിലേക്ക് മാറ്റി. കായലിൽ ചെളിയുള്ള ഭാഗത്താണ് യുവതി വീണത്. ചാടരുതെന്ന് പലരും പറഞ്ഞെങ്കിലും യുവതിയുടെ ദയനീയ സ്ഥിതികണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്ന് ജോൺസൺ പറഞ്ഞു. യുവതി നൽകിയ ഗാർഹികപീഡന പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.