പാരിപ്പള്ളി: പാരിപ്പളളി മെഡി. ആശുപത്രി കാന്റീനിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ആശുപത്രി ജീവനക്കാരുടെ പരാതിയെ തുടർന്ന് ഇന്നലെ രാവിലെ ചാത്തന്നൂർ ഫുഡ് സേഫ്ടി ഓഫീസർ സുജിത്ത് പെരേരയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വൃത്തിഹീനമായ നിലയിലാണ് പാചകമെന്ന് ബോദ്ധ്യപ്പെട്ടു. ഒരാഴ്ചയിലേറെ പഴക്കം ചെന്ന പാകംചെയ്ത പയറും മറ്റ് ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. കാന്റീനിലെ ജീവനക്കാർക്കും പാചകക്കാർക്കും ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. മാനദണ്ഡങ്ങളെല്ലാം പാലിച്ച ശേഷം മാത്രമേ കാന്റീൻ തുറക്കാവൂ എന്ന് നിർദ്ദേശം നൽകിയതായി ഫു‌‌ഡ് സേഫ്റ്റി ഓഫീസർ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കാന്റീൻ നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രി ജീവനക്കാർക്കും കാന്റീൻ ഭക്ഷണം കഴിക്കുന്നവർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകിയത്.