കരുനാഗപ്പള്ളി: കന്നുകാലികളിൽ കുളമ്പ് രോഗം വ്യാപകമാകുന്നു. പശുക്കൾ ചത്തുവീഴുന്നത് ക്ഷീരകർഷകരിൽ ആശങ്ക പരത്തുന്നു. കുലശേഖരപുരം ആദിനാട് തെക്ക് കൊല്ലംന്തറയിൽ ചന്ദസേനന്റെ രണ്ട് കറവപ്പശുക്കളും രണ്ട് കിടാരികളുമാണ് കുളമ്പ് രോഗത്തെ തുടർന്ന് ഒരാഴ്ചക്കുള്ളിൽ ചത്തത്. എകദേശം 1.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ചന്ദ്രസേനൻ പറയുന്നു. പശുക്കളെ ഇൻഷ്വർ ചെയ്യാത്തതിനാൽ സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുകയില്ല. കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ മാത്രമായി 9 ഓളം പശുക്കളാണ് കുളമ്പ് രോഗത്തെ തുടർന്ന് ചത്തത്.
രോഗം തടയാനാവുന്നില്ല
കരുനാഗപ്പള്ളി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന മിക്ക പഞ്ചായത്തുകളിലും കുളമ്പ് രോഗം കണ്ടുവരുന്നു. പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നുണ്ടെങ്കിലും രോഗത്തെ തടഞ്ഞു നിറുത്താൻ ആകുന്നില്ലെന്നാണ് ക്ഷീര കർഷകർ പറയുന്നത്.
ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് പൂർണമായി. ഓരോ 6 മാസം കൂടുമ്പോഴും പശുക്കളിൽ പ്രതിരോധ കുത്തി വെയ്പ്പ് നടത്താറുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
കേന്ദ്ര സർക്കാരിന്റെ പദ്ധതി മൃഗ സംരക്ഷണ വകുപ്പ് മുഖാന്തരമാണ് നടപ്പാക്കുന്നത്. 4 മാസം പ്രായമുള്ള പശുക്കുട്ടികളെയും ഗർഭിണികളായ പശുക്കളെയും കുത്തിവെയ്പ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുളമ്പ് രോഗം വ്യാപകമായതോടെ പശുക്കളെ കൂട്ടത്തോടെ വിൽക്കാനുള്ള ശ്രമത്തിലാണ് ക്ഷീര കർഷകർ.
രോഗ ലക്ഷണങ്ങൾ
തീറ്റ എടുക്കാതിരിക്കുക
വായിലൂടെ നുരയും പതയും
മൂക്കൊലിപ്പ്
കുളമ്പുകളിൽ വ്രണം
കറവ വറ്റുന്നു
രോഗത്തിന്റെ തീവ്രത 4 ദിവസം
സബ്സിഡി നിരക്കിൽ ഇൻഷ്വർ പദ്ധതി നടപ്പാക്കണം
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കന്നുകാലികളെ ഇൻഷ്വർ ചെയ്യാറുണ്ട്. ഈ പദ്ധതി ചില മാസങ്ങളിൽ മാത്രമാണ് നടപ്പാക്കുന്നത്. ഒരു വർഷത്തേക്ക് പശുവിനെ ഇൻഷ്വർ ചെയ്യുന്നതിന് സർക്കാർ 750 രൂപ നൽകുമ്പോൾ ക്ഷീരകർഷകൻ 750 രൂപ അടയ്ക്കണം. മൂന്ന് വർഷത്തേക്കാണെങ്കിൽ 3500 രൂപ അടക്കണം. ഇതിൽ ക്ഷീരകർഷകന്റെ ഗുണഭോക്തൃ വിഹിതം 1750 രൂപയാണ്. പശുവിനെ ഇൻഷ്വർ ചെയ്തു കഴിഞ്ഞാൽ മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ആനുകൂല്യത്തിന് അർഹത കൈവരുന്നത്. ഇതിനുള്ളിൽ പശു ചത്താൽ ഇൻഷ്വറൻസ് കമ്പനി ആനുകൂല്യങ്ങൾ നൽകില്ല. സർക്കാർ ഇൻഷ്വറൻ പദ്ധതി വ്യാപകമായി നടപ്പാക്കാറില്ലെന്ന് കർഷകർ പറയുന്നു. ഒരു പഞ്ചായത്തിൽ 100 ൽ താഴെ ക്ഷീരകർഷകർക്ക് മാത്രമാണ് സർക്കാരിന്റെ പദ്ധതി ലഭിക്കുന്നത്. ശേഷിക്കുന്ന കർഷകർ കൂടുതൽ തുക നൽകി സ്വകാര്യ കമ്പനികളിലാണ് ഇൻഷ്വർ ചെയ്യുന്നത്. പാവപ്പെട്ട കർഷകർ പശുക്കളെ പലപ്പോഴും ഇൻഷ്വർ ചെയ്യാറില്ല. സബ്സിഡി നിരക്കിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇൻഷ്വർ ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്ന് ക്ഷീരകർഷകർ ആവശ്യപ്പെടുന്നു.