തഴവ: തഴവ തിരുവഞ്ചിക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ തഴവ കടത്തൂരിലെ നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസായിരുന്ന തിരുവഞ്ചിക്കുളത്തെ സംരക്ഷിക്കുന്നതിലും നിലനിറുത്തുന്നതിലും അധികൃതർ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്. പഞ്ചായത്തിലെ 21-ാം വാർഡിൽ ഏകദേശം ഒരേക്കറോളം വിസ്തൃതിയുണ്ടായിരുന്ന കുളം ഇപ്പേൾ ഏതാണ്ട് 50 സെന്റായി ചുരുങ്ങി.
കുളം കൈയ്യേറി അധികൃതർ
95 ൽ പഞ്ചായത്തിന് സാംസ്കാരിക നിലയം അനുവദിച്ചപ്പോഴും തഴവ കടത്തൂർ പോസ്റ്റോഫീസ് കെട്ടിടം സ്ഥാപിയ്ക്കുന്നതിനും അധികൃതർ കുളത്തിന്റെ തന്നെ നികന്ന ഭാഗമാണ് സ്ഥലമായി കണ്ടെത്തിയത്. കൂടാതെ കുളത്തിന്റെ തെക്കുവശത്ത്കൂടി കടന്നു പോകുന്ന അശാന്റയ്യത്ത് റോഡ് നിർമ്മാണത്തിനും അധികൃതരുടെ അംഗീകാരത്തോടെ തന്നെ കുളം കയ്യേറ്റത്തിന് വിധേയമാകുകയായിരുന്നു. ഇതോടെ സംരക്ഷിക്കേണ്ടവർ തന്നെ സംഹാരത്തിന് വിധേയമാക്കിയ തിരുവഞ്ചിക്കുളം ഇപ്പോൾ ഏതാണ്ട് ഉപയോഗശൂന്യമായ സ്ഥിതിയിലാണ്.
കുളത്തിന് വശങ്ങളിലുള്ള ഭൂരിഭാഗംമരങ്ങളും വെള്ളത്തിലേക്ക് ചാഞ്ഞ് കിടക്കുകയാണ്. ഇതിൽ നിന്ന് അടർന്ന് വീഴുന്ന ഇലകൾ അഴുകി ദുർഗന്ധം വമിച്ചാലും ശുചീകരണത്തിന് പോലും നടപടികളുണ്ടാകാറില്ലെന്ന് സമീപവാസികൾ പറയുന്നു. കുളത്തിന് നിലവിലുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തി സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൂടാതെ കൽപ്പടവുകൾ ഉൾപ്പടെ നിർമ്മിച്ച് തിരുവഞ്ചിക്കുളത്തെ നീന്തൽ പരിശീലന കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം പ്രദേശത്തെ യുവജനങ്ങൾക്കിടയിലും സജീവമാണ്.