v

കൊല്ലം: നഗരസഭയുടെ അഭിഭാഷകർ കേസുകൾ ബോധപൂർവം തോൽക്കുകയാണെന്ന ബി.ജെ.പി കൗൺസിലർ ടി.ജി. ഗിരീഷിന്റെ ആരോപണം കൗൺസിൽ യോഗത്തിൽ രൂക്ഷമായ വാക്കേറ്റത്തിനിടയാക്കി. യു.ഡി.എഫ് അംഗങ്ങൾകൂടി ബി.ജെ.പിയുടെ ആരോപണത്തെ പിന്തുണച്ചതോടെയാണ് തർക്കംരൂക്ഷമായത്. കുരീപ്പുഴ ചണ്ടി ഡിപ്പോയുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണലിൽ നടക്കുന്നകേസിൽ ഹാജരാക്കുന്ന അഭിഭാഷകന് ഫീസ് നൽകുന്നതുമായി ബന്ധപ്പെട്ട അജണ്ടയാണ് തർക്കത്തിലേക്ക് നീണ്ടത്. ഈ അജണ്ട പരിഗണിക്കവേ അഭിഭാഷകരുടെ കോടതിയിലെ പ്രകടനംകൂടി പരിശോധിക്കണമെന്ന് ടി.ജി. ഗിരീഷ് ആവശ്യപ്പെട്ടു. ചില അഭിഭാഷകർ ബോധപൂർവം കേസ് തോറ്റുനൽകുകയാണെന്നും കടവൂരിലെ അനധികൃതനിർമ്മാണം ചൂണ്ടിക്കാട്ടി ഗിരീഷ് ആരോപിച്ചു. നഗരസഭയിലെ ലീഗൽസെൽ കൃത്യമായ രേഖകളും വിവരങ്ങളും ലഭ്യമാക്കാത്തതിനാലാണ് കേസുകൾ തോൽക്കുന്നതെന്ന് വി.എസ്. പ്രിയദർശൻ പറഞ്ഞു. എല്ലാ അഭിഭാഷകരെയും കള്ളന്മാരാക്കുന്നത് ശരിയല്ലെന്ന് അഭിഭാഷകൻ കൂടിയായ മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ജി. ഉദയകുമാർ പറഞ്ഞു. എല്ലാവരും കള്ളന്മാരല്ലെന്നും ചില കള്ളന്മാരുണ്ടെന്നും ഗിരീഷ് തിരിച്ചടിച്ചു.

പിന്നീട് വിവിധകോടതികളിൽ നഗരസഭയ്ക്ക് പുതിയ അഭിഭാഷകരെ നിയമിക്കുന്നതിന്റെ അജണ്ടയിലും ടി.ജി. ഗിരീഷ് ആരോപണം ആവർത്തിച്ചു. കേസുകളുടെ സ്ഥിതിയും ജയപരാജയങ്ങളും പരിശോധിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാരായ ജോർജ് കാട്ടിലും കുരുവിളയും ആവശ്യപ്പെട്ടു. തർക്കം രൂക്ഷമാകുന്നതിനിടെ പള്ളിമുക്ക് കൗൺസിലർ എം. സജീവ് ബി.ജെ.പിക്കെതിരെ രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാൻ ബി.ജെ.പി കൗൺസിലർമാർ ഒരുമിച്ച് എഴുന്നേറ്റതോടെ വലിയ ഒച്ചപ്പാടായി. പിന്നീട് നഗരസഭ സമീപഭാവിയിൽ കേസുകളിലൊന്നും തോറ്റിട്ടില്ലെന്ന് പറഞ്ഞ് സ്ഥിതി ശാന്തമാക്കുകയായിരുന്നു.