പരവൂർ: പരവൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ ഇരുസംഘങ്ങൾ കഴിഞ്ഞ ദിവസം രാത്രി ചേരിതിരിഞ്ഞു നടത്തിയ ഏറ്റുമുട്ടൽ പ്രദേശത്തെ ഭീതിയിലാക്കി. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി നടത്തിയ ഏറ്റുമുട്ടലിൽ രണ്ടു പേർക്ക് പരിക്കേറ്റു. കാറിന്റെ ചില്ലും തകർന്നു. നഗരത്തിൽ ഹോട്ടൽ നടത്തുന്നവരാണ് പരിക്കേറ്റവർ. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘർഷം അറിയിച്ചെങ്കിലും യഥാസമയം എത്തിയിലെന്ന് പരാതിയുണ്ട്. സംഘർഷാവസ്ഥ അരമണിക്കൂർ നീണ്ടു. ചാത്തന്നൂർ- പാരിപ്പള്ളി സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസ് എത്തിയതോടെ അക്രമികൾ ഇരുളിൽ മറഞ്ഞു. പിടിയിലായ മൂന്നുപേരെ റിമാൻഡ് ചെയ്തു.