തൊടിയൂർ: വായനക്കാരെ പുസ്തകങ്ങളുമായി അടുപ്പിക്കുക, കൂടുതൽ പേർക്ക് വായനയ്ക്ക് അവസരമൊരുക്കുക, പുതുതലമുറയെ പുസ്തകങ്ങളുടെ ലോകത്തേയ്ക്ക് ആകർഷിക്കുകയും വായനാശീലം വളർത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ആസൂത്രണം ചെയ്ത പുസ്തക്കൂട് പദ്ധതി ജനപ്രിയമാകുന്നു. 20 പുസ്തകക്കൂടുകളാണ് ഇതിനകം കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വൈകാതെ 15 പുസ്തകക്കൂടുകൾ കൂടി സ്ഥാപിക്കുമെന്നും വിവിധ ഏജൻസികളുടെ സഹകരണത്തോടെ നൂറു തികയ്ക്കുകയാണ് ലക്ഷ്യമെന്നും
കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ പറഞ്ഞു. അതിജീവനത്തിന്റെ പെൺവായന എന്ന പേരിൽ നടപ്പാക്കിയ പദ്ധതിക്കും ഈപുസ്തകക്കൂടുകൾ പ്രയോജനപ്പെടുന്നുണ്ട്.