പടിഞ്ഞാറേകല്ലട : കാരാളിമുക്ക് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് വർഷങ്ങളാകുന്നു. 2012 ഡിസംബറിലാണ് ഹൈമാസ്റ്റ് ലൈറ്റ് ഇവിടെ സ്ഥാപിച്ചത്. ഗ്യാരണ്ടി കാലാവധി കഴിഞ്ഞതോടെ ലൈറ്റ് കേടാവുകയും അതിനുശേഷം പഞ്ചായത്ത് ഫണ്ടിൽ നിന്ന് 40,000 രൂപ ചെലവഴിച്ച് നന്നാക്കുകയും ചെയ്തു. വീണ്ടുംലൈറ്റ് കേടായതിനെ തുടർന്ന് ശരിയാക്കുന്നതിലേക്ക് 97000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് കിട്ടുന്ന മുറയ്ക്ക് ശരിയാക്കാനാണ് ശ്രമമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ലക്ഷങ്ങൾ വിലയുള്ള ലൈറ്റുകൾഒഴിവാക്കി പകരം നല്ല രീതിയിൽ പ്രകാശം ലഭിക്കുന്ന വിലകുറഞ്ഞതും നിലവാരമുള്ള കമ്പനിയുടെ ഗ്യാരണ്ടിയോടു കൂടിയ ലൈറ്റുകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.