പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം കോളനി പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ഭൗമ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾക്ക് വിധേയമാക്കണമെന്ന് റവന്യൂ വകുപ്പ് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടതായി പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ പറഞ്ഞു. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപ്പാളയത്ത് ഉരുൾപൊട്ടലിൽ ഉണ്ടായ നാശ നഷ്ടങ്ങൾ നേരിൽ കണ്ട് വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ഉരുൾപൊട്ടി നാശം സംഭവിക്കാൻ ഏറെ സാദ്ധ്യതയുള്ള പ്രദേശത്താണ് കോളനികളുള്ളത്. പ്രശ്ന ബാധിത മേഖലയായ ഇവിടെ വ്യാഴാഴ്ച സന്ധ്യക്ക് ഉണ്ടായ ഉരുൾ പൊട്ടലിൽ വ്യാപകനാശം സംഭവിച്ചിരുന്നു. ഇടപ്പാളയത്തെ അപകട മേഖലയായ കാച്ച് മെന്റ് ഏരിയായിൽ ഗ്രാമ പഞ്ചയത്തിന്റെ സഹായത്തോടെ വീണ്ടും വീടുകളും മറ്റും വയ്ക്കാൻ സാദ്ധ്യതയുണ്ട്. 1992ൽ ഉണ്ടായ ഉരുൾപൊട്ടലിൽ പ്രദേശത്ത് വ്യാപകമായ നാശ നഷ്ടം സംഭവിച്ചിരുന്നു. ഇതാണ് ഇവിടെ വീണ്ടും വീടുകൾ വയ്ക്കുന്നതിന് മുമ്പ് പരിശോധനകൾക്ക് വിധേയമാക്കേണ്ടത്. നിലവിലെ കോളനികൾക്ക് ഇടയിലൂടെയുള്ള തോടുകൾ മൈനർ ഇറിഗേഷന്റെ സഹായത്തോടെ നവീകരിക്കുകയും കഴുതുരുട്ടി ആറ്റ് തീരങ്ങൾ ഇടിഞ്ഞ് ഇറങ്ങിയത് മൂലം മേജർ ഇറിഗേഷന്റെ മേൽ നോട്ടത്തിൽ സംരക്ഷിക്കും. നാളെയും മറ്റന്നാളുമായി റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് വിലയിരുത്തും. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ്,തഹസീൽദാർ നാസിയ, ഡെപ്യൂട്ടി തസഹീൽദാർ ടി.രാജേന്ദ്രൻ പിള്ള തുടങ്ങിയ നിരവധി ഉദ്യോഗസ്ഥരും ജനപ്രതിനിധികും ഉരുൾപൊട്ടിയ പ്രദേശം സന്ദർശിച്ചു.