കൊല്ലം: സംസ്ഥാന വനിതാ കമ്മിഷൻ ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ സംഘടിപ്പിച്ച അദാലത്തിൽ 25 പരാതികൾ തീർപ്പാക്കി. അഞ്ച് പരാതികളിൽ റിപ്പോർട്ട് തേടി. ഒരു കേസ് ഫുൾബെഞ്ച് സിറ്റിംഗിനായി മാറ്റി. എതിർകക്ഷികൾ ഹാജരാകാത്തത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ മറ്റ് പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 100 എണ്ണമാണ് പരിഗണിച്ചത്.
വയോജനങ്ങൾക്ക് മക്കളിൽ നിന്ന് സംരക്ഷണം ലഭിക്കാത്തത് സംബന്ധിച്ച പരാതികൾ വർദ്ധിച്ചു വരുന്നതിൽ കമ്മിഷൻ ആശങ്ക പ്രകടിപ്പിച്ചു. അഞ്ച് പെൺമക്കളുള്ള അമ്മയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവേയാണ് കമ്മിഷന്റെ പരാമർശം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അമ്മ ഹാജരാകാത്തതിനാൽ അടുത്ത അദാലത്തിലേക്ക് കേസ് മാറ്റി.
വനിതാകമ്മിഷൻ അംഗം എം.എസ്. താര, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇന്നും അദാലത്ത് തുടരും.