കൊല്ലം: ചെമ്മാൻമുക്ക് - കണ്ണനല്ലൂർ റോഡ് റീ ടാറിംഗിന് ശേഷം അപകടങ്ങൾ വർദ്ധിച്ചെന്ന പരാതിയിൽ റോഡ് സുരക്ഷാ ഡയറക്ടർ പരിശോധന നടത്തി. ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് ഡയറക്ടർ നിജു അഴകേശനാണ് പരിശോധനയ്ക്കെത്തിയത്. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് റോഡ് വെട്ടിപ്പൊളിച്ച് ടാറിംഗ് നടത്തിയതിൽ അപകടങ്ങൾക്ക് കാരണമാകുന്ന വിധത്തിൽ പോരായ്മയില്ലെന്ന് അദ്ദേഹം പറഞ്ഞു. ടാറിംഗ് നടത്തിയശേഷം അപകടങ്ങൾ വർദ്ധിച്ചിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിനായി പൊലീസിൽ നിന്ന് റിപ്പോർട്ട് തേടും. പൈപ്പ് സ്ഥാപിക്കുന്ന ജോലി കാലതാമസം കൂടാതെ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിക്കുന്നതിനായി പകർപ്പ് കളക്ടർക്കു അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിർദേശത്തെ തുടർന്നാണ് ഡയറക്ടർ പരിശോധന നടത്തിയത്. പണി പൂർത്തിയായ സ്ഥലത്ത് ടാറിംഗ് നടത്തിയപ്പോൾ ഉപരിതലം മൂന്നു തലത്തിലാണെന്നും ഇതു അപകടങ്ങൾക്ക് കാരണമാകുന്നെന്നും കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ എം. മുഹമ്മദ് ഹുമയൂണാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്.