തഴവ: നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കേരഫെഡിലെ തൊഴിലാളി സമരം ഒത്തുതീർപ്പായി. കഴിഞ്ഞ 25 ദിവസമായി നടന്ന സമരത്തിനിടയിൽ പല തവണ ഒത്തുതീർപ്പിന് ശ്രമം നടന്നെങ്കിലും മനേജ്മെന്റിന്റെ വീട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലം ശ്രമങ്ങൾ വിഫലമാകുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ മാനേജ്മെന്റ് പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പാക്കാൻ ധാരണയായത്. തൊഴിലാളികൾ മുന്നോട്ട് വെച്ച ന്യായമായ ആവശ്യങ്ങളെ അനുഭാവപരമായി പരിഗണിച്ചാണ് സമരം തീർപ്പാക്കാൻ മന്ത്രി നിർദേശിച്ചത്. കേരളത്തിലെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളിലും പതിനൊന്നാം ശമ്പള കമ്മിഷൻ നടപ്പായിട്ടും കേരഫെഡിൽ പത്താം ശമ്പള കമ്മിഷൻ ശുപാർശ അനുസരിച്ചാണ് വേതന വിതരണം നടത്തുന്നത്. ഇതിന്റെ സ്ഥിതി വിവരക്കണക്കുകൾ സർക്കാരിൽ സമർപ്പിയ്ക്കുന്നതിൽ മാനേജ്മെന്റ് വീഴ്ച വരുത്തിയതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതനുസരിച്ച് നവംബർ അഞ്ചിന് മുൻപായി മാനേജ്മെന്റ് സ്ഥിതി വിവരക്കണക്കുകൾ സർക്കാരിന് സമർപ്പിയ്ക്കണമെന്നും തുടർന്ന് രണ്ട് മാസത്തിനുള്ളിൽ തന്നെ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുമെന്നും അതുവരെ തൊഴിലാളികൾക്ക് ഇടക്കാല ആശ്വാസം നൽകാൻ നടപടി സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. തൊഴിലാളികളുടെ ഗ്രേഡിൽ കാലോചിതമായ മാറ്റം വരുത്തുന്നതിനും ലീവ് ഏകീകരണത്തിനും നിയമപരമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.