ഏരൂർ: അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർടി നേതാവുമായിരുന്ന ടി.കെ.കൃത്തിവാസന്റെ 27-ാ ം ചരമവാർഷികദിനം ഇന്ന് വിവിധ പരിപാടികളോടെ ആചരിക്കും.
രാവിലെ 9ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് 6ന് നെട്ടയം ഗവ.ഹൈസ്കൂൾ ജംഗ്ഷനിൽ അനുസ്മരണ യോഗം നടക്കും. സി.പി.ഐ ഏരൂർ ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.സുദേവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ യോഗം മുൻമന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. നെട്ടയം ഗവ.ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് എ.ഐ.വൈ.എഫ് നെട്ടയം യൂണിറ്റ് ഏർപ്പെടുത്തിയിട്ടുള്ള ടി.കെ.കൃത്തിവാസൻ സ്മാരക അവാർഡ് ദാനവും അനുസ്മരണ പ്രഭാഷണവും പി.എസ്.സുപാൽ എം.എൽ.എ നിർവഹിയ്ക്കും. വിവിധ മേഖലകളിലെ പ്രതിഭകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സി.ബാലകൃഷ്ണൻ സ്മാരക പ്രതിഭാ പുരസ്കാരം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ വിതരണം ചെയ്യും. മികച്ച ക്ഷീരകർഷകനുള്ള എൻ.രഘുനാഥൻ സ്മാരക അവാർഡ് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.സലീമും മികച്ച കർഷകനുള്ള സി.ആർ.കൃത്തിവാസൻ സ്മാരക അവാർഡ് സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജുജമാലും വിതരണം ചെയ്യും.