വീടുകൾ കൈമാറ്റം ചെയ്യാതെ അധികൃതർ
പത്തനാപുരം: അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാൻ കുര്യോട്ടുമല കോളനിയിലെ വനവാസികൾ വർഷങ്ങളായി കാത്തിരിക്കുന്നു. ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നാണ് കോളനിവാസികൾ ചോദിക്കുന്നത്. മാതൃകാ കോളനിയിലെ വീടുകളുടെ നിർമ്മാണം വർഷങ്ങൾക്ക് മുൻപ് പൂർത്തിയായെങ്കിലും കൈമാറ്റ നടപടികൾക്ക് കാലതാമസം നേരിടുകയാണ്. കൂടാതെ പൂർത്തിയായ വീടുകളിലെ സൗകര്യക്കുറവും ഉയരമില്ലായ്മയും ആശങ്കക്കിടയാക്കുന്നുണ്ട്.
ആശങ്കയോടെ കോളനിവാസികൾ
2012 ലാണ് പിറവന്തൂർ പഞ്ചായത്തിലെ കുര്യോട്ടുമല മാതൃകാ കോളനിയിലെ താമസക്കാർക്കായി 25 വീടുകളുടെ നിർമ്മാണം തുടങ്ങിയത്. നിലവിൽ മാതൃകാ കോളനിയിലെ വീടുകൾ എല്ലാം തന്നെ കാടുമൂടിയ നിലയിലാണ്. നിലവിൽ ഏത് നിമിഷവും തകർന്നു വീഴാവുന്ന കൂരയ്ക്കുള്ളിൽ ആശങ്കയോടെയാണ് കോളനിയിലെ കുടുംബങ്ങൾ താമസിക്കുന്നത്. അടിയന്തരമായി വീടുകളുടെ കൈമാറ്റം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. പണി പൂർത്തിയാക്കിയിട്ടും കെട്ടിടത്തിലേക്ക് താമസം മാറ്റാത്തത് എന്താണെന്ന ചോദ്യത്തിന് മുൻപിൽ സർക്കാർ അധികൃതരും ജനപ്രതിനിധികളും ഉത്തരമില്ലാതെ നിൽക്കുകയാണ്.