ആയൂർ: ഹോട്ടലിനുള്ളിലേയ്ക്ക് പെട്രോളൊഴിച്ച് തീ കത്തിച്ചയാൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. ചടയമംഗലം അക്കോണം പ്ലാവിളവീട്ടിൽ സത്യനാണ് പരാതിക്കാരൻ.
ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സത്യന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് ഉള്ളിലേയ്ക്ക് ഇക്കഴിഞ്ഞ 26ന് രാത്രി 10.30 ഓടെയാണ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആൾ പെട്രോളൊഴിച്ച് തീ കത്തിച്ചത്. കടയ്ക്കകത്ത് ഉണ്ടായിരുന്ന ജീവനക്കാരൻ കണ്ടതിനാൽ വേഗം തീ അണയ്ക്കാനായി. അതിനാൽ വൻ ദുരന്തം ഒഴിവായി.
ചടയമംഗലം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും വിവരങ്ങൾ ശേഖരിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തുടരന്വേഷണം നടത്തുന്നതിനോ പ്രതിയെ പിടികൂടുന്നതിനോ തയാറാകുന്നില്ലെന്നും സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി മാടൻനട കൊച്ചാലുംമൂട് ഭാഗത്ത് ഉണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും സത്യൻ പറയുന്നു.
പൊലീസിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്തതിനാൽ കൊല്ലം എസ്.പിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ഹോട്ടലുടമ.