photo
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി സജീവമായ കരുനാഗപ്പള്ളി യു.പി.ജി സ്കൂൾ.

കരുനാഗപ്പള്ളി: 19 മാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ മുതൽ സ്കൂളുകൾ വിദ്യാർത്ഥികളെ കൊണ്ട് സജീവമാകും. എല്ലാ തയ്യാറെടുപ്പുകളും കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ പൂർത്തിയായി. കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ വരുന്ന 76 സ്കൂളുകളും പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. ഇതിൽ 55 എൽ.പി, യു.പി സ്കൂളുകളും, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ പെട്ട 17 സ്കൂളുകളും സർക്കാരിന്റെ അംഗീകാരമുള്ള 4 സ്വാശ്രയ സ്കൂളുകളുമാണ് കരുനാഗപ്പള്ളി എ.ഇ.ഒ യുടെ നിയന്ത്രണത്തിൽ ഉള്ളത്. മൊത്തം 29000 ത്തോളം വിദ്യാർത്ഥികൾ എല്ലാ സ്കൂളുകളിലുമായി പഠിക്കുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കൊണ്ടായിരിക്കും സ്കൂളുകളുടെ പ്രവർത്തനം. ഇതിനായി പി.ടി.എ കമ്മിറ്റികൾ എല്ലാ സ്കൂളുകളിലും ചർച്ച ചെയ്തു തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു. സ്കൂൾ പ്രവർത്തന സമയത്ത് രക്ഷിതാക്കൾക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കുന്നതിന് പൂർണമായും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ക്ലാസിൽ 20 കുട്ടികളെ മാത്രമേ ഇരുത്തുകയുള്ളു. ഒരു ബഞ്ചിൽ രണ്ട് വിദ്യാർത്ഥികൾ മാത്രം. കുട്ടികൾ മാസ്കുകൾ ധരിച്ച് വേണം സ്കൂളിലെത്താൻ. സ്കൂളുകളിൽ മാസ്കുകളും സാനിട്ടൈസറും സൂക്ഷിച്ചിരിക്കണം. ഏതെങ്കിലും കുട്ടികൾ മാസ്ക് ധരിക്കാതെ വന്നാൽ ഇവർക്ക് സ്കൂൾ അധികൃതർ മാസ്ക് നൽകണം.