കൊല്ലം: ദേശീയപാത 66 ന്റെ വികസനത്തിനുള്ള ഭൂമി ഡിസംബർ 31ന് മുമ്പ് ഏറ്റെടുത്ത് ദേശീയപാത അതോറിട്ടിക്ക് കൈമാറണമെന്നിരിക്കെ, നിലവിലെ മെല്ലെപ്പോക്ക് വിനയാകുമെന്ന് ആശങ്ക.
ദേശീയപാത ആറുവരിയാക്കാൻ ജില്ലയിലെ രണ്ടു റീച്ചുകളുടെയും ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ റോഡ് നിർമ്മാണം ആരംഭിക്കാനാവൂ. ഏറ്റെടുത്ത ഭൂമിയുടെ നഷ്‌ടപരിഹാരത്തുക വിതരണം ആരംഭിച്ചതേയുള്ളൂ. തുകയുടെ 10 ശതമാനം ആദായ നികുതി പിടിക്കാനുളള സർക്കാർ നീക്കം വിതരണത്തെ ബാധിച്ചിരുന്നു. വസ്തു ഉടമകൾ കോടതിയിൽ നിന്ന് അനുകൂലവിധി സമ്പാദിച്ചതോടെയാണ്, അനിശ്ചിതത്വത്തിലായ നഷ്ടപരിഹാര വിതരണം പുനരാരംഭിച്ചത്. നഷ്‌ടപരിഹാരത്തിനായി 1375 ഫയലുകൾ ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡപ്യൂട്ടി കളക്‌ടറുടെ ഓഫീസിലുണ്ട്.
ഭൂമി ഏറ്റെടുക്കലിനുള്ള സ്‌പെഷ്യൽ തഹസിൽദാർ യൂണിറ്റുകളായ കരുനാഗപ്പള്ളിയിൽ 432, കാവനാട്- 304, വടക്കേവിള- 240, ചാത്തന്നൂർ- 399 എണ്ണം ഫയലുകളാണ് ഡപ്യൂട്ടി കളക്‌ടറുടെ പരിഗണനയ്ക്കായി കൈമാറിയത്. ഇനിയും ഏറെ ഫയലുകൾ വിവിധ യൂണിറ്റുകളിൽ നിന്ന് എത്താനുണ്ട്. ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും നടപടിക്ക് വേഗമില്ലെന്ന് ആക്ഷേപമുണ്ട്.
ഓഫീസ് തുറന്നു
കൊറ്റുകുളങ്ങര- കൊല്ലം ബൈപ്പാസ് (കാവനാട്) റീച്ച് നിർമ്മാണ കരാർ ഏറ്റെടുത്ത വിശ്വാസമുദ്ര എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് കരുനാഗപ്പള്ളിയിൽ ഓഫീസ് തുറന്നു. 31.5 കിലോമീറ്റർ നിർമ്മാണത്തിന് 1540 കോടിയുടെ കരാറാണ് കമ്പനി ഏറ്റെടുത്തത്. കൊല്ലം ബൈപ്പാസ് മുതൽ കടമ്പാട്ടുകോണം വരെ 31.25 കിലോമീറ്ററിൽ 1284.7 കോടിയുടെ നിർമ്മാണ കരാർ ഡൽഹി ശിവാലയ കൺസ്‌ട്രക്‌ഷൻ കമ്പനിക്കാണ്.
....................................
57.5 ഹെക്‌ടർ: ജില്ലയിൽ ഏറ്റെടുക്കേണ്ട ഭൂമി
...................................
# തുക വിതരണം ഊർജ്ജിതമാക്കും
₹ 2400 കോടി: വിതരണം ചെയ്യേണ്ട തുക
6200: നഷ്ടപരിഹാരത്തിന് അർഹരായവർ
269: ഇതുവരെ നഷ്ടപരിഹാരം ലഭിച്ചവർ
₹ 79 കോടി: വിതരണം ചെയ്ത തുക
₹ 312 കോടി: നഷ്ടപരിഹാരത്തിനായി ലഭിച്ച തുക
₹ 100 കോടി: അടുത്ത ആഴ്ച വിതരണം ചെയ്യുന്ന തുക
ഡിസംബർ 31നു മുമ്പ് കരാറുകാർക്ക് ഭൂമി ഏറ്റെടുത്ത് നൽകുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ജില്ലയിലെ രണ്ട് റീച്ചുകളിൽ ആദ്യം കരാറായ കൊറ്റുകുളങ്ങര കാവനാട് റീച്ചിലെ ഭൂമി ഏറ്റെടുക്കൽ വളരെ മന്ദഗതിയിലാണ്. ഓച്ചിറ, ആദിനാട്, കുലശേഖരപുരം പ്രദേശത്ത് വെറും 58 പേർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാര തുക ലഭിച്ചത്. കരുനാഗപ്പള്ളിയിൽ മാത്രം ഏകദേശം 450 ഓളം ഫയലുകളാണ് നഷ്ട പരിഹാരം കാത്ത് കിടക്കുന്നത്. സർക്കാർ നിർദേശിച്ചിരിക്കുന്ന സമയത്ത് തന്നെ ഭൂമി ഏറ്റെടുത്ത് നൽകി നിർമ്മാണ പ്രവർത്തനം തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം
റിയാസ് കളത്തൂട്ടിൽ സെക്രട്ടറി, കരുനാഗപ്പള്ളി ഫോറം ആൻഡ് ബ്രാൻഡിംഗ്