കരുനാഗപ്പള്ളി: തഴവ ഗ്രാമ പഞ്ചായത്തും തഴവ കുടുംബരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ ശ്രദ്ധയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. വാർഡുതലത്തിൽ നടത്തുന്ന രണ്ടാംഘട്ട ആരോഗ്യപരിശോധനാ ക്യാമ്പുകളുടെ ഉദ്ഘാടനം കടത്തൂർ പാപ്പാൻകുളങ്ങര സാംസ്‌കാരിക നിലയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി .സദാശിവൻ നിർവഹിച്ചു. വാർഡ് മെമ്പർ ബദറുദീന്റെ ആദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെഡിക്കൽ ഓഫീസർ ഇൻ -ചാർജ്ജ് ഡോ. ജാസ്മിൻ റിഷാദ് വിഷയാവതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി .ബിജു മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ നിസ തൈക്കൂട്ടത്തിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. ജാസ്മിൻ റിഷാദിന്റ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ വൈദ്യ പരിശോധന, എലിപ്പനി പ്രതിരോധമരുന്നായ ഡോക്ക്സിസൈക്ലിന്റെ വിതരണം, ആരോഗ്യ ബോധവത്കരണ ക്ലാസ്, എലിപ്പനി, ഡെങ്കിപ്പപനി തുടങ്ങിയ രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ലാബ് പരിശോധന എന്നിവ നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ .സുരേഷ്‌കുമാർ, എസ്. ശ്യാംലാൽ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വി . ജ്യോതിലക്ഷ്മി, ഫാർമസിസ്റ്റ് ആശ്മി റഹിം, ലാബ് ടെക്‌നിഷ്യൻ എസ്. ജയലേഖ തുടങ്ങിയവർ ക്യാമ്പ് നേതൃത്വം നൽകി.