nk-
ഉരുൾപൊട്ടി നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എംപി സന്ദർശിക്കുന്നു

കൊല്ലം: ഇടപ്പാളയത്ത് ഉരുൾ പൊട്ടി നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും വീടുകളും എൻ.കെ.പ്രേമചന്ദ്രൻ.എം.പി, പി.എസ്.സുപാൽ എം.എൽ.എ തുടങ്ങിയവരുടെ നേതൃത്വത്തിലുളള ജനപ്രതിനിധികൾ സന്ദർശിച്ചു. ഇടപ്പാളയം ആശ്രയ കോളനി, നാല് സെന്റ് കോളനി,ആറു മുറിക്കട, മൂന്ന് സെന്റ് കോളനി തുടങ്ങി നാശം സംഭവിച്ച സ്ഥലങ്ങളും വീടുകളുമാണ് ജനപ്രതിനിധികൾ സന്ദർശിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെ പെയ്ത കനത്ത മഴയിൽ ഉരുൾപൊട്ടി ഏഴ് വീടുകൾക്ക് നാശം സംഭവിക്കുകയും നിരവധി വീടുകളിൽ വെള്ളവും ചെളിയും കയറിയതിന് പുറമെ കാർഷിക വിളകളും നശിച്ചിരുന്നു. നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് ആലോചിക്കാൻ നവംബർ 4ന് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം കഴുതുരുട്ടിയിൽ ചേരും.

തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, തോമസ് മൈക്കിൾ തുടങ്ങിയവർ എം.പിക്കൊപ്പവും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ, സി.പി.ഐ ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സോമരാജൻ, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ രാജേന്ദ്രൻ നായർ, കെ.രാജൻ തുടങ്ങിയവർ എം.എൽ.എക്കൊപ്പവും ഉരുൾപ്പെട്ടിയ സ്ഥലങ്ങൾ സന്ദർശിച്ചു.

പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണം : എം.പി

നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളിൽ ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.

ഉരുൾപൊട്ടിയ ഇടപ്പാളയം നാലുസെന്റ് കോളനി, അഗതി ആശ്രയ കോളനി എന്നിവിടങ്ങളിൽ ഗുരുതരമായ നാശനഷ്ടമാണ് സംഭവിച്ചത്. പ്രദേശങ്ങളിൽ അടിയന്തരമായി കുടിവെള്ളം എത്തിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ദുരന്ത നിവാരണ അതോറിട്ടി മുൻകൈ എടുക്കണം. കോളനികൾ സുരക്ഷാ ഭീഷണിയിലാണ്. ഈ മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നത് ഉൾപ്പെടെയുളള സമഗ്രമായ പദ്ധതി സംബന്ധിച്ച് സർക്കാർ ആലോചിക്കണമെന്നും മലമുകളിൽ നിന്നു നദിയിലേക്ക് എത്തുന്ന നീർച്ചാലുകളുടെ ഇരുവശവും കോൺക്രീറ്റ് ഭിത്തികെട്ടി സംരക്ഷിണമെന്നും എം.പി ആവശ്യപ്പെട്ടു.എം.നാസർഖാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. വിജയകുമാർ, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാതോമസ്, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, തോമസ് മൈക്കിൾ, ഇടപ്പാളയം സുരേഷ്, കെ. ജയകുമാർ, വിബ്ജിയോർ, അഡ്വ. കാട്ടയം സുരേഷ് എന്നിവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു.