അഞ്ചൽ: പഞ്ചായത്തിലെ തെരുവ് വിളക്കുകൾ അറ്റകുറ്റ പണികൾ നടത്തുന്നതിന് അഞ്ച് ലക്ഷത്തോളം രൂപയുടെ അനുമതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചിട്ടും വിളക്കുകൾ കത്തിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് പ‌ഞ്ചായത്ത് മെമ്പർ വി. ആനന്ദി ആരോപിച്ചു. തന്റെ വാർഡായ കുരുവിക്കോണത്ത് 375 ലൈറ്റുകൾ ഉണ്ട്. ഇതിൽ 60 ലൈറ്റുകൾ മാത്രമാണ് കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ കത്തിച്ചത്. ആയിരത്തി എണ്ണൂറോളം ബൾബുകൾ പ‌ഞ്ചായത്തിൽ വാങ്ങിവച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കത്താത്ത ബൾബുകൾ മാറ്റിസ്ഥാപിക്കാൻ യാതൊരു നടപടിയും ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്നില്ല. ഇത് മൂലം നാട്ടുകാർ വളരെയേറെ ബുദ്ധിമുട്ടുകയാണ്. തെരുവ് വിളക്ക് കത്തിക്കുന്ന കാര്യത്തിൽ പഞ്ചായത്ത് കാട്ടുന്ന അനാസ്ഥയ്ക്കെതിരെ ഭരണസമിതിയിൽ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുമതി നിഷേധിക്കുകയാണ് ചെയ്തതെന്ന് ആനന്ദി പറയുന്നു. മാത്രമല്ല അജണ്ട നോട്ടുപോലും കമ്മിറ്റിയിൽ ഹാജരാക്കാൻ സെക്രട്ടറി തയ്യാറായില്ലെന്നും അവർ ആരോപിച്ചു.