കൊല്ലം: ദമ്പതികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അസ്വാരസ്യങ്ങളും ഗാർഹിക പീഡനങ്ങളും അവസാനിപ്പിക്കുന്നതിന്​ വിവാഹ പൂർവ കൗൺസലിംഗ് നിർബന്ധമാക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. ആശ്രാമം ഗവ. ഗസ്​റ്റ്​ ഹൗസിൽ നടത്തിയ അദാലത്തിന്​ ശേഷം മാദ്ധ്യമപ്രവ​ർത്തകരോട്​ സംസാരിക്കുകയായിരുന്നു അവർ. വിവാഹ രജിസ്​ട്രേഷൻ സമയത്ത്​ കൗൺസലിംഗ് സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കുന്ന തരത്തിൽ നിയമം കൊണ്ടുവരാൻ സർക്കാരിന്​ ശുപാർശ ചെയ്​തിരുന്നു. വൈകാതെ തീരുമാനം കൈക്കൊള്ളുമെന്നാണ്​ കരുതുന്നതെന്നും അവർ പറഞ്ഞു. നിലവിൽ വനിതാ കമ്മിഷൻ​ കൗൺസലിംഗ് സൗകര്യം നൽകുന്നുണ്ട്​. തദ്ദേശ സ്ഥാപനങ്ങൾക്ക് ജാഗ്രതാസമിതികൾവഴി കൗൺസലിംഗ് ഏർപ്പെടുത്താൻ സാധിക്കും.
ദ്വിദിന അദാലത്തിൽ 200 പരാതികൾ കമ്മിഷൻ പരിഗണിച്ചു. 50 പരാതികൾക്ക്​ പരിഹാരം കണ്ടു. 11 പരാതികളിൽ പൊലീസ്​ റിപ്പോർട്ട്​ തേടി. 138 പരാതികൾ അടുത്ത ഹിയറിംഗിനായി മാറ്റി. സർവീസ്​ മേഖലയുമായി ബന്ധപ്പെട്ട്​ നിരവധി പരാതികൾ വന്നത്​ അധികാരപരിധിക്ക്​ പുറത്തായതിനാൽ അതത്​ വകുപ്പുകളിലേക്ക്​ കൈമാറി. അംഗങ്ങളായ ഷാഹിദ കമാൽ, എം.എസ്​. താര എന്നിവരും പ​ങ്കെടുത്തു.