c

 ചില സ്വകാര്യ ബസുകളിൽ ആഡംബരം അതിരുകടക്കുന്നു

കൊല്ലം: സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യബസുകളും പ്രതിസന്ധിയിൽപ്പെട്ട് തകർച്ചയുടെ വക്കിലായിട്ടും നഗരത്തിലെ ചില ബസുകളിൽ 'ആഡംബരം' അതിരുകടക്കുന്നു. മിക്ക ബസുകളും അറ്റകുറ്റപ്പണികൾക്കും ജീവനക്കാർക്ക് വേതനം നൽകാനും തുക കണ്ടെത്താതെ വിഷമിക്കുമ്പോൾ ചില ബസുകൾ എൽ.ഇ.ഡി ലൈറ്റുകളും നിരോധിത എയർഹോണുകളും ഘടിപ്പിച്ച് നിയമത്തെ വെല്ലുവിളിക്കുകയാണ്.

നഗരത്തിൽ ഏറ്റവും പ്രതിസന്ധി അനുഭവിക്കുന്നത് തങ്കശേരി- ഇരവിപുരം റൂട്ടിൽ സർവീസ് നടത്തുന്നവയാണ്. പ്രതിദിനം 35 മുതൽ 45 വരെ ലിറ്റർ ഡീസൽ ചെലവാക്കി സർവീസ് നടത്തുന്ന ഇവയിൽ പലതിലും ഉടമകൾ തന്നെയാണ് ജീവനക്കാർ. മിച്ചമൊന്നും കിട്ടുന്നില്ലെങ്കിലും തൊഴിലാളിയുടെ വേതനമെങ്കിലും തങ്ങൾക്ക് ലഭിക്കുമെന്ന് കരുതിയാണ് മിക്കവരും ജീവനക്കാർ ആകുന്നത്. വിദേശത്ത് ജോലിചെയ്തും മറ്റും തിരികെയെത്തി സ്വയംതൊഴിൽ എന്ന നിലയിലാണ് പലരും ബസ് വാങ്ങി സർവീസ് നടത്തിയത്. ഉള്ളപണം മുടക്കി ഒന്നോ രണ്ടോ ബസുകൾ വാങ്ങി നിരത്തിലിറക്കിയ ഇവർ ഇപ്പോൾ അക്ഷരാർത്ഥത്തിൽ 'വരവേല്പ്' സിനിമയിലെ നായകന്റെ അവസ്ഥയിലാണ്.

എന്നാൽ വരുമാനമുള്ള സർവീസുകളും നഗരത്തിലുണ്ട്. ഇവരാണ് നിയമത്തിനു മീതേ കുതിക്കുന്നതെന്ന് യാത്രക്കാർ ആരോപിക്കുന്നു.

 ചെവിപൊട്ടുന്ന ഹോൺ

നിരോധിത എയർ ഹോണുകൾ ഘടിപ്പിച്ച് കാതടപ്പിക്കുന്ന ശബ്ദത്തിൽ നീണ്ട ഹോൺ മുഴക്കി അമിതവേഗതത്തിലുള്ള പോക്ക് വഴിയാത്രക്കാർക്കും എതിരെയെത്തുന്ന വാഹനങ്ങൾക്കും ഭീഷണിയാണ്. മുൻ, പിൻ ഗ്ളാസുകളിൽ എൽ.ഇ.ഡി സ്ട്രിപ്പുകൾ ഘടിപ്പിച്ച് മറ്റുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് അന്തിമയങ്ങിയാൽ സർവീസ് നടത്തുന്നത്. പ്രതിസന്ധിയുടെ കാലത്ത് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഗതാഗതവകുപ്പ് പരിശോധനകൾ കുറച്ചത് മുതലെടുക്കുകയാണ് സ്വകാര്യബസ് മേഖലയിലെ ചില പ്രമുഖർ. ഇവർ കാട്ടിക്കൂട്ടുന്ന പ്രവൃത്തികൾ മേഖലയിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്നവർക്കുകൂടി പേരുദോഷമുണ്ടാക്കുകയാണ്.