കൊല്ലം: കൊല്ലം ബീച്ചിനു സമീപം കാറിലെത്തി 10 കിലോ കഞ്ചാവ് കൈമാറുന്നതിനിടെ അറസ്റ്റിലായ തമിഴ്നാട് ട്രാൻസ്പോർട്ട് ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേർക്ക് എട്ടുവർഷം വീതം കഠിന തടവും 75,000 രൂപ വീതം പിഴയും. ഒന്നാം പ്രതി തമിഴ്നാട് മധുര വാപുറാണിയിൽ കാശിരാജ് (33), ട്രാൻസ്പോർട്ട് ജീവനക്കാരൻ തമിഴ്നാട് വിധുരയിൽ രാജപാളയം മാലയടിപ്പെട്ടി സ്ട്രീറ്റിൽ മുരുകേശൻ (33) എന്നിവരെയാണ് കൊല്ലം ജില്ല ആൻഡ് സെഷൻസ് കോടതി ജഡ്ജി അജികുമാർ ശിക്ഷിച്ചത്.

2012 ഡിസംബറിലായിരുന്നു സംഭവം. പൂക്കച്ചവടക്കാർ എന്ന വ്യാജേനയാണ് പ്രതികൾ സ്ഥിരമായി കഞ്ചാവ് എത്തിച്ചിരുന്നത്. ബീച്ചിൽ വച്ച് കഞ്ചാവ് കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നു എന്നറിഞ്ഞ കൊല്ലം ഈസ്റ്റ് പൊലീസൊരുക്കിയ കെണിയിൽ ഇവർ കുടുങ്ങുകയായിരുന്നു. രണ്ട് ഷോൾഡർ ബാഗുകളിൽ അഞ്ച് കവറുകളിലായി പ്രത്യേകം പാക്ക് ചെയ്താണ് കഞ്ചാവ് കൊണ്ടുവന്നത്. ഒന്നാം പ്രതിയുടെ പിതാവിന്റെ പേരിലുള്ള അംബാസഡർ കാറിലാണ് ഇടപാട് നടത്തിയത്. ഈസ്റ്റ് പൊലീസ് സി.ഐ ആയിരുന്ന ജി.ഗോപകുമാർ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് സി.ഐ വി.സുഗതൻ കേസിന്റെ അന്വേഷണം നടത്തി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അരമന സി.കെ.സൈജു, അഭിഭാഷകരായ ആർ. രജി, സോന പി.രാജ് എന്നിവർ ഹാജരായി.