കൊല്ലം : നാട്ടറിവുകളും പ്രായോഗിക പരീക്ഷണങ്ങളും സംയോജിപ്പിച്ച് അവസരങ്ങളുടെയും ആശയങ്ങളുടെയും വിപുലീകരണം സാദ്ധ്യമാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. എഴുകോൺ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം പ്രൊമോഷൻ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അറിവിനെ ഉത്പാദനവുമായി ബന്ധിപ്പിച്ചുള്ള മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ് സർക്കാർ. കേരളത്തിന്റെ ഭാവിയിൽ കാതലായ മാറ്റമുണ്ടാക്കാൻ പോന്ന പരിപാടികൾ യുവതലമുറയിൽ നിന്ന് കണ്ടെത്തും. മനുഷ്യത്വ മൂല്യങ്ങൾ ഉൾക്കൊണ്ടുള്ള അറിവിന്റെ സ്വാംശീകരണമാണ് പ്രധാനമെന്ന് തലമുറകൾക്ക് തിരിച്ചറിയാനുള്ള അവസരം കൂടിയാണ് കേരള ഡെവലപ്‌മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ എന്ന കെ-ഡിസ്‌ക് ഒരുക്കുന്നത്. മത്സരാധിഷ്ഠിതമായി നടത്തുന്ന പരിപാടിയിൽ 30,000 ചെറു സംഘങ്ങളുടെയെങ്കിലും പ്രാതിനിദ്ധ്യമാണ് ലക്ഷ്യമിടുന്നത്. കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ, കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ. ഷാജു, കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. മഹാദേവൻ പിള്ള, എ.പി.ജെ. അബ്ദുൽ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയൂബ്, ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ. എം. ജോസ് പ്രകാശ്, കെ ഡിസ്‌ക് എക്‌സിക്യുട്ടീവ് വൈസ് ചെയർമാൻ ഡോ. കെ.എം. എബ്രഹാം, മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, പ്രോഗ്രാം മാനേജർ എൻ.കെ. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.