photo
രണ്ടു വിദ്യാർത്ഥികൾ ഷോക്കേറ്റു മരിച്ച നെടുമൺകാവ് കൽച്ചിറ കുളിക്കടവ്

അപകടക്കടവിൽ മുന്നിയിപ്പ് അവഗണിക്കുന്നത് പതിവ്

കൊല്ലം: നെടുമൺകാവ് കൽച്ചിറ പള്ളിക്കു സമീപത്തെ കുളിക്കടവിന്റെ ആകർഷണീയതയും പാറകളിൽ നിന്ന് ആറ്റിലേക്ക് ചാടുന്ന 'സാഹസിക' ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപിച്ചതോടെയാണ് ഇവിടം വിദ്യാർത്ഥികളുടെ ഇഷ്ടകേന്ദ്രമായത്. നാട്ടുകാരായ ചില വിദ്യാർത്ഥികളാണ് കുളിക്കടവിന്റെ വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചത്.

വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ പതിവ് കുളിസ്ഥലമായിരുന്നു ഇവിടം. പള്ളിയോട് ചേർന്നാണ് നെടുമൺകാവ് ആറൊഴുകുന്നത്. പള്ളിക്കു മുന്നിൽ നിന്നു ആറ്റിലേക്ക് ഇറങ്ങാനായി പടവുകൾ നിർമ്മിച്ചിട്ടുണ്ട്. ഇറങ്ങി താഴെയെത്തിയാൽ ആറിന്റെ നടുക്കായി തലയെടുപ്പുള്ള കൊമ്പൻമാരെപ്പോലെ പാറകൾ തെളിഞ്ഞ് നിൽക്കുന്നതു കാണാം. ആറ്റിൽ നീരൊഴുക്ക് കുറയുമ്പോൾ പാറക്കെട്ടുകൾ നന്നായി തെളിയും. പെരുമഴയായാൽ പാറയ്ക്ക് മുകളിലൂടെ വെള്ളമൊഴുകും. ചുറ്റും കാടുനിറഞ്ഞ വിജന പ്രദേശമായതിനാൽ നാട്ടുകാരുടെ ശ്രദ്ധപതിയാത്ത ഇടവുമാണ്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ കൂട്ടമായി എത്താൻ തുടങ്ങി. പാറക്കെട്ടിന് മുകളിൽ നിന്നു വെള്ളത്തിലേക്ക് കറങ്ങി ചാടുന്നതും നീന്തുന്നതുമൊക്കെ അവർക്ക് രസാനുഭവങ്ങളായി മാറി. വഴുക്കലുള്ള പാറയിൽ നിന്നു തെന്നി വീഴുന്നത് വെള്ളത്തിലേക്കായതിനാൽ കുട്ടിസംഘങ്ങൾക്ക് അത് രസകരമായി.

വിദ്യാർത്ഥികൾ ഓരോരുത്തരും ഇവിടത്തെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അതോടെ നെടുമൺകാവ് കൽച്ചിറ കടവും കുളിയും വൈറലായി. അവധി ദിനങ്ങളിൽ കുട്ടിസംഘങ്ങൾ ഒഴുകിയെത്തുന്നതു കണ്ട് നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു. ഫലമില്ലാതെ വന്നതോടെ അവരെ അവരുടെ വഴിക്കുവിട്ടു നാട്ടുകാർ പിൻമാറി. മൂന്നു മാസം മുൻപ് ഒരു കാർ ഇവിടെ താഴ്ചയിലേക്ക് മറിയേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവിടെ അപകടം പതിയിരിപ്പുണ്ടെന്ന് നാട്ടുകാർ പറയാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും അധികൃതർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. പഞ്ചായത്ത് ഒരു ബോർഡ് സ്ഥാപിച്ചതുമാത്രം മിച്ചം.

 അപ്രതീക്ഷിത ദുരന്തം

ഇവിടെ വെള്ളത്തിൽ വീണുള്ള അപകടമാണ് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത്ര ദാരുണമായി രണ്ട് വിദ്യാർത്ഥികൾ ഷോക്കേറ്റു മരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ആറിന്റെ മറ്റൊരു വശത്തുകൂടി കടന്നുപോകുന്ന വൈദ്യുത കമ്പിയാണ് പൊട്ടിവീണത്. ഇത് വൈദ്യുതി ബോർഡ് അധികൃതർ അറിയാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിച്ച് രണ്ട് ജീവനുകൾ പൊലിഞ്ഞതിന്റെ ഞെട്ടലിനൊപ്പം പ്രതിഷേധവും നാട്ടുകാർക്കുണ്ട്. കടവ് എന്നന്നേക്കുമായി അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണവർ.