photo
കൊവിഡിനെ തുർന്ന് പ്രവർത്തനം മന്ദീഭവിച്ച കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ.

കരുനാഗപ്പള്ളി: കൊവിഡിന് ശേഷം സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കുമെങ്കിലും സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രയുടെ കാര്യത്തിൽ പരിഹാരമായില്ല. നിലവിൽ കെ.എസ്.ആർ.ടി.സി ബസുകളാണ് ആശ്രയം. കൊവിഡിനെ തുടർന്ന് 31 സർവീസുകളാണ് കരുനാഗപ്പള്ളി ഡിപ്പോയിൽ നിറുത്തലാക്കിയത്. ഇന്ന് മുതൽ കുട്ടികൾ സ്കൂളിൽ പോകണമെങ്കിൽ യാത്രാസൗകര്യത്തിനുള്ള നടപടികൾ ഒന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

രക്ഷിതാക്കൾ ആശങ്കയിൽ

കരുനാഗപ്പള്ളിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ കാട്ടിൽക്കടവ്, തുറയിൽക്കടവ്, ആലുംകടവ്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി കുട്ടികളാണ് കരുനാഗപ്പള്ളിയിലെ സ്കൂളുകളിൽ പഠിക്കുന്നത്. ഇവരെല്ലാം കരുനാഗപ്പള്ളിയിലെത്താൻ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചിരുന്നത്. കൊവിഡിനെ തുടർന്ന് സ്വകാര്യ ബസുകളും സർവീസ് നിറുത്തി വെച്ചിരിക്കുകയാണ്. അമൃതപുരി കാമ്പസും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും.വള്ളിക്കാവിലേക്ക് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് ബസുകൾ സർവീസ് നടത്തുന്നില്ല. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എങ്ങനെ കോളേജുകളിലും സ്കൂളുകളിലും എത്തിച്ചേരുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

ബസുകൾ ഒന്നും എത്തിയിട്ടില്ല

കരുനാഗപ്പള്ളി ഡിപ്പോയിൽ മൊത്തം 82 ബസുകളാണ് ഉണ്ടായിരുന്നത്. കൊവിഡിനെ തുടർന്ന് ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ കാൻസൽ ചെയ്തതോടെ 32 ബസുകളുടെ ഓട്ടം നിലച്ചു. ഡിപ്പോയിൽ കിടന്ന 32 ബസുകളും ചീഫ് ഓഫീസിലെ ഉത്തരവനുസരിച്ച് ഡിസ്ട്രിക് കോമൺ പൂളിലേക്ക് മാറ്റുകയായിരുന്നു. ഈ ബസുകളെല്ലാം ചാത്തന്നൂർ ഡിപ്പോയിൽ മഴയും വെയിലും ഏറ്റുകിടക്കുകയാണ്.സ്കൂൾ തുറക്കുന്നതോടെ കരുനാഗപ്പള്ളി ഡിപ്പോയ്ക്ക് 8 ബസുകൾ അധികമായി നൽകാമെന്ന് ചീഫ് ഓഫീസിൽ നിന്ന് അറിയിച്ചെങ്കിലും ബസുകൾ ഒന്നും എത്തിയില്ലെന്നാണ് അന്വേഷണത്തിൽ അറിയുന്നത്.

സ്വകാര്യ ബസുകളും സഹകരിക്കണം

സ്കൂളുകൾ ഇന്ന് തുറക്കുമെങ്കിലും വാഹന സൗകര്യമില്ലാത്തതിനാൽ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളുകളിൽ എത്തിച്ചേരാൻ കഴിയില്ല. തുടർ ദിവസങ്ങളിലും ഇതു തന്നെയായിരിക്കും സംഭവിക്കാൻ പോകുന്നത്. സ്കൂളുകൾ തുറക്കുന്നതിനോടൊപ്പം കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ആരംഭിച്ച് നിലവിലുള്ള യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. സ്വകാര്യ ബസുകൾക്കും യാത്രാ ക്ലേശം പരിഹരിക്കുന്നതിൽ പ്രധാന പങ്കാണുള്ളത്.ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.