കരുനാഗപ്പള്ളി : നഗരശ്രീ ഉത്സവത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ രുചിയുടെ മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ സംരംഭകരെയും അംഗീകൃത തെരുവ് കച്ചവടക്കാരെയും സംയുക്തമായി സങ്കടിപ്പിച്ചാണ് "രുചി മുകുളങ്ങൾ " എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കന്നേറ്റി ബോട്ട് ടെർമിനലിൽ 3,4 തീയതികളിലാണ് ഭക്ഷ്യമേള നടത്തുന്നത്. തെരുവ് കച്ചവട ജീവനോപാധി സംരക്ഷണ ചട്ടം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ പരിധിയിലുള്ള തെരുവ് കച്ചവടക്കാരുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനും കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങളുടെ വിപണനം സാദ്ധ്യമാക്കുന്നതിനുമാണ് രുചിമേള സംഘടിപ്പിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. മേളയിൽ വിവിധ തരം ഭക്ഷ്യവിഭവങ്ങൾ, ബിരിയാണി, ജ്യൂസുകൾ, വിവിധ തരം പായസങ്ങൾ, നാടൻ ഭക്ഷണങ്ങൾ എന്നിവ ആസ്വദിക്കാനുള്ള അവസരവമുണ്ടാകും. കുടുംബശ്രീ വനിതകൾ ഗുണമെന്മയോട് കൂടി നിമ്മിക്കുന്ന അച്ചാറുകൾ, കറി പൗഡറുകൾ, മറ്റു പൊടി വർഗങ്ങൾ, സ്നാക്സുകൾ എന്നിവയും മേളയ്ക്ക് മാറ്റുകൂട്ടും. ഇതോടനുബന്ധിച്ച് കലാപരിപാടികൾ, ശില്പശാലകൾ എന്നിവയും സംഘടിപ്പിക്കും. മേളയുടെ ഭാഗമായി കന്നേറ്റി ബോട്ട് ടെർമിനേലിൽ മിതമായ നിരക്കിൽ ബോട്ട് സർവീസും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഇന്ദുലേഖ, ഡോ.പി . മീന, സി.ഡി.എസ് ചെയർപേഴ്സൺ അനിത, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ ദീപ കെ പ്രഭാകർ, കമ്മ്യൂണിറ്റി ഓർഗനൈസർ സലീന എന്നിവർ പങ്കെടുത്തു.