കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിൽ 'ടേക്ക് എ ബ്രേക്ക് വഴിയിടം' പദ്ധതി വരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സമീപത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കുറച്ച് നാൾ മുൻപ് കുന്നിക്കോട് ടൗൺ കേന്ദ്രീകരിച്ച് വഴിയിടം പദ്ധതി ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. വഴിയിടം പദ്ധതി നടപ്പിലാക്കാൻ അനുയോജ്യമായ സ്ഥലം ലഭിക്കാതെ വന്നതോടെയാണ് മുൻപ് തീരുമാനിച്ച പദ്ധതി മുടങ്ങാനുള്ള പ്രധാന കാരണം. ഇപ്പോൾ ദേശീയപാതയോരത്തെ പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് വിളക്കുടി ഗ്രാമപഞ്ചായത്തിന് വിട്ട് നൽകിയതോടെയാണ് പദ്ധതിക്ക് വീണ്ടും തുടക്കമായത്.
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി
വഴിയാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് 'ടേക്ക് എ ബ്രേക്ക് വഴിയിടം' പദ്ധതി. ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഇവിടെ ലഭിക്കുന്നതിനോടൊപ്പം സ്ത്രീകൾക്ക് സുരക്ഷിതവും വൃത്തിയുമുള്ള ശൗചാലയങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നുള്ളതാണ് ഈ പദ്ധതിയുടെ സവിശേഷത. കുടുബശ്രീ പ്രവർത്തകർക്ക് വഴിയിടത്തിന്റെ മേൽനോട്ടചുമതല നൽകുന്നതോടെ ഈ കാര്യങ്ങൾക്ക് ഉറപ്പേറും. ഹരിതകേരള മിഷന്റെയും ശുചിത്വ മിഷന്റെയും ഫണ്ട് ഉപയോഗിച്ച് എല്ലാ തദ്ദേശസ്ഥാപനങ്ങളും നിർബന്ധമായും നടപ്പിലാക്കേണ്ട പദ്ധതി കൂടിയാണിത്.
കുന്നിക്കോട് വലിയതോടിന്റെ സമീപം വയോജന കേന്ദ്രത്തിനോട് ചേർന്നുള്ള സ്ഥലത്താണ് ആദ്യം വഴിയിടം പദ്ധതിക്കായി വിളക്കുടി ഗ്രാമപഞ്ചായത്ത് സ്ഥലം കണ്ടെത്തിയത്. എന്നാൽ സ്ഥലപരിമിതകൊണ്ടും തോടിന്റെ കരയായതിനാലും കെ.ബി.ഗണേശ് കുമാർ എം.എൽ.എ അടക്കമുള്ള ഉദ്യോഗസ്ഥരുടെ അതൃപ്തി മൂലം പദ്ധതി ഉപേക്ഷിച്ചു. വേറെ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ വന്നതോടെ കഴിഞ്ഞ ടേമിൽ നടപ്പിലാക്കേണ്ട പദ്ധതി മുടങ്ങി
നിലവിൽ മാലിന്യങ്ങൾ തള്ളി അന്യാധീനപ്പെട്ട് കിടക്കുകയാണ് ഇപ്പോൾ ഗ്രാപഞ്ചായത്തിന് ലഭിച്ച പുറമ്പോക്ക് ഭൂമി. വഴിയിടം പദ്ധതി വരുന്നതോടെ പ്രദേശം വൃത്തിയുള്ളയിടമായി മാറും. അനുയോജ്യമായ സ്ഥലം ലഭിച്ചതോടെ ഫണ്ടിൽ നിന്ന് കൂടുതൽ തുക ചെലവഴിച്ച് മികച്ച രീതിയിലുള്ള പദ്ധതി നടപ്പിലാക്കുംഅദബിയ നാസറുദ്ദീൻ
വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്