v
ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു

ചാത്തന്നൂർ: ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ വിജയകരമായി പരീക്ഷകൾ നടത്തിയ ഏക സംസ്ഥാനം കേരളമാണന്നും മറ്റുള്ളവർക്ക് ഇത് മാതൃകയാണെന്നും മന്തി വി. ശിവൻകുട്ടി പറഞ്ഞു. ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് ഏറ്റവും അധികം ബാധിച്ചത് വിദ്യാർത്ഥികളെയും തൊഴിലാളികളെയുമാണ്. കഴിഞ്ഞ 18 മാസക്കാലത്തെ കൊവിഡ് വെല്ലുവിളികളെ നേരിട്ടാണ് വിദ്യാർത്ഥി സമൂഹം മികച്ച വിജയം കൈവരിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷയാണ് ഏറ്റവുംപ്രധാനം. കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായി. വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്താൻ
സ്കൂളുകളിലെ പഠനത്തോടൊപ്പം ഓൺലൈൻ ക്ലാസുകളും തുടരും. വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ സ്കൂളുകളിൽ എത്തേണ്ടതില്ല. സംസ്ഥാനത്ത് 2282 അദ്ധ്യാപകരും 329 അനദ്ധ്യാപകരുമാണ് ഇനി വാക്സിൻ എടുക്കാനുള്ളത്. വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.
ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. പി.ഡബ്ലിയു.ഡി ഡിവിഷണൽ എക്സിക്യുട്ടീവ് എൻജിനിയർ ഡി. സിന്ധുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. സോമപ്രസാദ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു, എസ്.എം.സി ചെയർമാൻ കെ. സേതുമാധവൻ, എ.ഇ.ഒ ഷൈനി ഹബീബ്, പ്രഥമാദ്ധ്യാപിക എൽ. കമലമ്മ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എസ്. രാഖി, ആർ.ഡി.ഡി കെ. നാരായണി, ജോൺ എബ്രഹാം, വി. സണ്ണി, ആർ. രാധാകൃഷ്ണൻ, ജി. ബിജു, എം.പി ജയകുമാർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എൻ. സതീശൻ സ്വാഗതവും പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.