photo
പാലത്തോട് ചേർന്നുള്ള സ്ലാബ്ഇളകി മാറിയ നിലയിൽ

കരുനാഗപ്പള്ളി: കന്നേറ്റി പാലത്തിന്റെ കിഴക്കേ അറ്റത്തുള്ള സ്ലാബിനടിയിൽ നിന്ന് മണ്ണിടിഞ്ഞ് മാറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപ്രോച്ച് റോഡിൽ നിന്ന് മണ്ണിടിഞ്ഞ് മാറി സ്ലാബ് താഴേക്ക് ഇരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ നാട്ടുകാർ വിവരം കരുനാഗപ്പള്ളി, ചവറ പൊലീസ് സ്റ്റേഷനുകളിൽ അറിയിച്ചു. പൊലീസ് എത്തി ഇതുവഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ മെറ്റിലും ഗ്രാവവും ഇട്ട് കുഴി നികത്തി. വൈകിട്ട് 4 മണിയോടെയാണ് ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്. കൊല്ലം ഭാഗത്തു നിന്ന വലിയ വാഹനങ്ങൾ കുറ്റിവട്ടത്തു നിന്ന് പൊലീസ് തിരിച്ച് വിട്ടു.