കരുനാഗപ്പള്ളി :സൗദി അറേബ്യയിലെ ദമാമിൽ 20 വർഷമായി വാട്ടർ സപ്ലൈ ബിസിനസ് നടത്തിവന്നിരുന്ന കരുനാഗപ്പള്ളി കോഴിക്കോട് പ്രൊഫസർ ബംഗ്ലാവിൽ അബ്ദുൽ സമദിനെ (46) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തേവലക്കര അരിനല്ലൂർ തടത്തിൽ വീട്ടിൽ ഷിനു പീറ്റർ (23), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുക്താർ മൻസിലിൽ ഉമറുൾ മുക്താർ (22), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പാട്ടുപുര കുറ്റിയിൽ വടക്കതിൽ മുഹമ്മദ് സുഹൈൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിയും അബ്ദുൾ സമദിന്റെ ബന്ധുവുമായ ഹാഷിമും തമ്മിലുള്ള തർക്കമാണ് ക്വട്ടേഷന് കാരണമായത്. അരിനല്ലൂർ സ്വദേശി ഷിനു പീറ്റർ എറണാകുളത്തെ ഗുണ്ടാത്തലവന്റെ സംഘത്തിൽപെട്ട മറ്റു രണ്ടുപേരുമായി ചേർന്ന് ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നു. ഗൾഫിൽ നിന്ന് ഹാഷിം വാട്സ് ആപ്പ് വഴി അബ്ദുൾ സമദിന്റെ ചിത്രം ഷിനുവിന് കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അബ്ദുൾ സമദിന് ഗൾഫിലേക്ക് പോകുന്നതിനുള്ള ടിക്കറ്റിന്റെ കാര്യം പറഞ്ഞ് മുക്താറിനെ കൊണ്ട് ശാസ്താംകോട്ട യിലേക്ക് വിളിച്ചു വരുത്തി. കഴി|ഞ്ഞ 24 ന് രാത്രിയിൽ ശാസ്താംകോട്ടയിൽ നിന്ന് സ്കൂട്ടറിൽ കരുനാഗപ്പള്ളിയിലേക്ക് വന്ന അബ്ദുൽ സമദിനെ മാർക്കറ്റിന് തെക്ക് ഭാഗത്തു വെച്ച് കാറ് ഇടിച്ച് വീഴ്ത്തിയ ശേഷം കമ്പി വടിക്ക് മാരകമായി അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു .സംഘത്തിന് കാർ ഏർപ്പാടാക്കിയതും അഡ്വാൻസ് തുകയായി 40000 രൂപ നൽകിയതും ഹാഷിം ആയിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസ്, എസ് .എച്ച്. ഒ ജി. ഗോപകുമാർ, എസ്.ഐ മാരായ അലോഷ്യസ് അലക്സാണ്ടർ, ഓമനക്കുട്ടൻ,എ .എസ്. ഐ മാരായ ഷാജിമോൻ, നന്ദകുമാർ ,സി .പി .ഒ സലീം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.