phot
ആര്യങ്കാവ് ഗവ.എൽ.പി സ്കൂളിന് മുന്നിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യ കൂമ്പാരം

പുനലൂർ: വിദ്യാലയങ്ങൾ ഇന്ന് തുറന്ന് പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി എല്ലാ സ്കൂളുകളും പരിസരവും ശുചീകരിച്ചു വൃത്തിയാക്കിയെങ്കിലും ആര്യങ്കാവിൽ കരുന്നുകൾ എത്തുന്ന ഗവ.എൽ.പി സ്കൂളിന്റെ മുന്നിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിൽ പ്രതിഷേധം വ്യാപകം. ആര്യങ്കാവ് ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് എൽ.പി.സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ പരിസരം വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതരോ, സന്നദ്ധ സംഘടനകളോ തയ്യാറാകാത്തതാണ് പ്രതിഷേധം വ്യാപകമാകാൻ മുഖ്യകാരണം. കൊവിഡ് ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടന്ന് വന്നവരെ പരിശോധനകൾക്ക് വിധേയമാക്കാൻ ഉപയോഗിച്ച സ്കൂളുകളിൽ ഒന്നായിരുന്നു കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ ആര്യങ്കാവിലെ ഗവ.എൽ.പി.സ്കൂൾ. പ്രദേശവാസികൾക്ക് മാലിന്യം തള്ളാൻ പഞ്ചായത്ത് സ്കൂളിന്റെ മുന്നിൽ സ്ഥാപിച്ച ബക്കറ്റ് നിറഞ്ഞതിനെ തുടർന്ന് ഇപ്പോൾ പുറത്ത് തള്ളിയിരിക്കുകയാണ്.ഏറെ പ്രതീക്ഷകളോടെ ഇന്ന് സ്കൂളിലേക്ക് കടന്ന് വരുന്ന കുരുന്നുകൾക്കും രക്ഷിതാക്കൾക്കും മാലിന്യം കാരണം മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. സമീപത്തെ മറ്റ് സ്കൂളുകൾ ആർഭടങ്ങളോടെ പ്രവേശനോത്സവം കൊണ്ടാടാൻ ഒരുങ്ങി കഴിയുമ്പോഴാണ് ആര്യങ്കാവ് ഗവ.എൽ.പി സ്കൂളിന് മുന്നിലെ ദുർഗന്ധം വമിക്കുന്ന മാലിന്യം നീക്കം ചെയ്യാൻ പോലും ബന്ധപ്പട്ടവർ തയ്യാറാകാത്തത്.