തൃശൂർ: ഭിന്നശേഷിക്കാരും ജന്മനാ രോഗികളുമായ മൂന്ന് മക്കളും അവർക്ക് തണലായിരുന്ന 86 വയസുളള അമ്മയും മണ്ണോടു ചേർന്നു.ശേഷിക്കുന്നത് കാരുണ്യമതികൾ പടുത്തുയർത്തിയ വീട്. അതിനി ഒരു കണ്ണീർ സ്മാരകം...
രണ്ട് പെൺമക്കളുടെ അകാലമരണത്തിന് പിന്നാലെ കൊവിഡ് അമ്മ ലീലാ മാരസ്യാരുടെയും മകൻ രവീന്ദ്രന്റെയും ജീവൻ കവർന്നു. ആറ് വർഷം അവരെല്ലാം കണ്ണീരും സ്വപ്നവുമായി കഴിഞ്ഞ 'ലീലാവിലാസ്' ഇനി തൃശൂർ കോർപറേഷന് സ്വന്തമാകും, വേദനകൾക്ക് സാക്ഷിയായ സ്മാരകം പോലെ...
രണ്ട് പതിറ്റാണ്ട് മുമ്പാണ് ലീലാ മാരസ്യാരുടെ ഭർത്താവ് പൂങ്കുന്നം വടക്കേകാമത്ത് വീട്ടിൽ ശിവശങ്കര മാരാർ മരിക്കുന്നത്. സമ്പാദ്യങ്ങളൊന്നുമില്ല. നാലംഗ കുടുംബം പട്ടിണിയുടെ വക്കിലായി. ലീലാമാരസ്യാർക്ക് കൂട്ട് മക്കൾ വിലാസിനിയും വിജയലക്ഷ്മിയും രവീന്ദ്രനും. ബന്ധുക്കളും സ്വന്തക്കാരുമില്ല. ഇരുൾ നിറഞ്ഞ ഒറ്റമുറിയുളള വീട്ടിൽ മാസം 1,800 രൂപ വാടകയിൽ താമസം. മൂന്നു മക്കളുടെ ചികിത്സാ ചെലവും കണ്ടെത്തണം. തോരാത്ത കണ്ണീരൊപ്പാൻ ധർമ്മപഥം ചാരിറ്റബിൾ ട്രസ്റ്റും നാട്ടുകാരും ഒന്നിച്ചു.
കാരുണ്യക്കൈകളാൽ വീട്
2014 ൽ പത്ത് ലക്ഷത്തോളം രൂപയ്ക്ക് അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിന് സമീപം ഒന്നര സെന്റ് ഭൂമിയും വീടും വാങ്ങി. കോർപറേഷൻ ആശ്രയ പദ്ധതിയുടെ സഹായവും നൽകി. കുറച്ചുകാലം ആശ്വാസമായെങ്കിലും പ്രമേഹവും മറ്റ് രോഗങ്ങളും ബാധിച്ച് രണ്ട് വർഷം മുൻപ് രണ്ട് പെൺമക്കളും മരിച്ചു. ലീലാമാരസ്യാർ കഴിഞ്ഞ ജനുവരിയിലും മകൻ രവീന്ദ്രൻ ജൂണിലും കൊവിഡ് ബാധിച്ച് മരിച്ചു. വീട് അനാഥമായി. അനന്തരാവകാശികൾ ഇല്ലാത്തതിനാൽ ഏറ്റെടുക്കാൻ കോർപറേഷൻ തീരുമാനിച്ചു. ആശ്രയപദ്ധതിയുടെ ധനസഹായത്താൽ വാങ്ങിയ ഭൂമി അന്യാധീനപ്പെടുത്തുകയോ കൈമാറ്റം ചെയ്യുകയോ പാടില്ലെന്നാണ് ചട്ടം.
കോർപറേഷന്റെ ധനസഹായം വീട് നിർമ്മിക്കാൻ നൽകിയിരുന്നു. അനന്തരാവകാശികൾ ഇല്ലാത്തിനാൽ കോർപറേഷന് ഏറ്റെടുക്കാം. വീട് എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും.
എം.കെ വർഗീസ്
മേയർ, തൃശൂർ കോർപറേഷൻ