school

തൃശൂർ: നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ വ്യത്യസ്ത വകുപ്പുകളെ ഏകോപിപ്പിച്ച് ശുചീകരണം അടക്കമുള്ള പരിപാടികളുമായി 'കളിമുറ്റം ഒരുക്കാം' പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും. തൃശൂരിൽ ജില്ലാ തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും വിദ്യാഭ്യാസ ഉപഡയറക്ടർ ജനറൽ കൺവീനറുമായി ഒരു സംഘാടക സമിതി രൂപീകരിച്ചു. 16 ബ്ലോക്ക് തല സംഘാടക സമിതികളും നിലവിൽ വന്നു. ഒക്ടോബർ 8ന് ശേഷം ജനപ്രതിനിധികളും വിദ്യാഭ്യാസ ഓഫീസർമാരും ചേർന്ന് സംഘങ്ങൾ സ്‌കൂളുകൾ സന്ദർശിക്കും.
സ്‌കൂൾ തുറക്കുന്ന ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമാക്കില്ല. യൂണിഫോമും നിർബന്ധമല്ല. ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികൾ സ്‌കൂളിലെത്തേണ്ടതില്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. സ്‌കൂൾ തുറക്കാനായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം കളക്ടർമാർക്കാണ്. പ്രധാന അദ്ധ്യാപകർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവരുടെ യോഗം കളക്ടർ വിളിച്ചു ചേർക്കും. സ്‌കൂൾതലത്തിൽ ജാഗ്രതാ സമിതികൾക്ക് രൂപം നൽകും. എല്ലാ അദ്ധ്യാപകരും ജീവനക്കാരും വാക്‌സിൻ സ്വീകരിക്കണമെന്നും ഇതിന്റെ ചുമതല അദ്ധ്യാപക, അനദ്ധ്യാപക സംഘടനകൾ ഏറ്റെടുക്കണമെന്നും നിർദ്ദേശമുണ്ട്.

യജ്ഞവുമായി ശുചിത്വമിഷൻ

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ശുചിത്വ മിഷനാണ് പരിപാടി ഏറ്റെടുത്തിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകൾ, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകൾ, സന്നദ്ധസംഘടനകൾ, പൂർവവിദ്യാർത്ഥികൾ, പൂർവ അദ്ധ്യാപകർ, എൻ.എസ്.എസ്, കരിയർ ഗൈഡൻസ് എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പരിപാടികളിൽ അണിനിരക്കും. ജില്ലാ ലൈബ്രറി കൗൺസിൽ, സാക്ഷരതാ മിഷൻ, ശാസ്ത്ര സാഹിത്യ പരിഷത്ത്, നെഹ്‌റു യുവകേന്ദ്ര, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുതലായ സംവിധാനങ്ങളും ശുചീകരണ പരിപാടിയിൽ പങ്കുചേരും. കുട്ടികളെ ഒഴിവാക്കി.

ഭയം വേണ്ട

സ്‌കൂളിലേക്ക് വിദ്യാർത്ഥികളെ പറഞ്ഞുവിടുമ്പോൾ ആശങ്കയ്ക്ക് പ്രസക്തിയില്ലെന്നും കുട്ടികളെ ആരോഗ്യപാഠം പഠിപ്പിക്കാനുള്ള അവസരമായി കാണണമെന്നുമാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രൈമറി ക്ലാസ് പ്രായത്തിലുള്ളവർക്കും ഭയപ്പെടാനില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ പരീക്ഷാകേന്ദ്രങ്ങളായ വിദ്യാലയങ്ങളിൽ ഒക്ടോബർ 18ന് ശേഷം ശുചീകരണ പരിപാടികൾ തുടരും.

ടി.എസ് ശുഭ, ജില്ലാ കോർഡിനേറ്റർ, ശുചിത്വമിഷൻ