navara-black

തൃശൂർ:നെല്ലിന്റെ പിറന്നാളാണ് നാളെ. കന്നിമാസത്തിലെ മകം. ഓണത്തിന് തൃക്കാക്കരയപ്പനെ പൂജിക്കുന്നതുപോലെ 'മകത്തടിയനെ' പ്രതിഷ്ഠിച്ച് പൂജ നടത്തിയിരുന്ന കാലമുണ്ടായിരുന്നു. ഇക്കുറി അത് ഒക്ടോബർ മൂന്നിനാണ്.

കന്നിമാസത്തിൽ നെൽകൃഷിയിറക്കുന്ന സമയമായതുകൊണ്ടാകാം ആ ദിനം തിരഞ്ഞെടുത്തത്. കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരിയിലെ നാഞ്ചിനാട്ടിൽ വെള്ളാളർ കർഷകസമൂഹം ഈ മകം നാളിൽ നെല്ലു പുഴുങ്ങുകയോ കുത്തുകയോ വയൽ ഉഴുകുകയോ ചെയ്തിരുന്നില്ല. കൊടുക്കൽ വാങ്ങലുകളും നടത്തിയിരുന്നില്ല.

നെൽകൃഷിയോടുള്ള താല്പര്യം കുറയുകയും

പാടങ്ങൾ തരിശിടുകയും വ്യാപകമായി നികത്തുകയും ചെയ്തതോടെ ആവശ്യമായ നെല്ലിന്റെ പത്തുശതമാനം പോലും നമ്മൾ കൃഷി ചെയ്യാത്ത സ്ഥിതിയാണിപ്പോൾ.നെല്ലിന്റെ ജന്മദിനവും ഓർക്കാതായി.

ഡയറക്ടർമാരും ശാസ്ത്രജ്ഞരും ഓഫീസുകളും മണ്ണു പരിശോധനാകേന്ദ്രങ്ങളും ഗവേഷണശാലകളും ഏജൻസികളും നന്നായി വിളഞ്ഞെങ്കിലും നെല്ലുമാത്രം കാര്യമായി വിളഞ്ഞില്ല.

കിലോഗ്രാമിന് 32 മുതൽ 40 രൂപ വരെയുള്ള അന്യസംസ്ഥാനങ്ങളിലെ അരിയാണ് നമ്മുടെ വയറ് നിറയ്ക്കുന്നത്.

പാഠം ഒന്ന് പാടത്തേയ്ക്ക്

നെല്ലിന്റെ പിറന്നാൾ ദിനത്തിന് പുതിയ മുഖം നൽകി തിരിച്ചെടുക്കാൻ 2018ൽ കളമൊരുങ്ങിയിരുന്നു.

'പാഠം ഒന്ന് പാടത്തേയ്ക്ക്' എന്ന പദ്ധതിയുമായി കൃഷി- വിദ്യാഭ്യാസവകുപ്പുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ കൃഷിയിടത്തിലിറിക്കി. കാർഷിക ക്ളബുകൾ രൂപീകരിച്ചു. പക്ഷേ, കൊവിഡ് അതിനെയും കവർന്നു.

ഭൗമസൂചികാപദവി ലഭിച്ച നെൽവിത്തുകൾ

  1. പാലക്കാട് മട്ട
  2. നവര
  3. വയനാട് ജീരകശാല
  4. വയനാട് ഗന്ധകശാല
  5. പൊക്കാളി അരി
  6. കൈപ്പാട് അരി

നെല്ല് ഉത്പാദനം കുറയുമ്പോൾ ഭക്ഷ്യസുരക്ഷ മാത്രമല്ല, പാരിസ്ഥിതിക സന്തുലനം കൂടിയാണ് തകിടം മറിയുന്നത്. പരിസ്ഥിതി സുരക്ഷ ഇല്ലാതായതിന്റെ അനന്തരഫലമാണ് പ്രളയമായി നമ്മൾ അനുഭവിച്ചത്. ആയുർവേദത്തിന് കേരളത്തിന്റെ സംഭാവനയാണ് നവര. നവരക്കിഴി, നവരക്കഞ്ഞി, നവരലേപനം, കർക്കടകകഞ്ഞി എന്നിവയ്ക്കെല്ലാം നവരപ്രധാനമാണ്.

- ഡോ.സി.ആർ.എൽസി,

കാർഷിക സർവകലാശാലയിൽ

നിന്ന് വിരമിച്ച നെല്ല് ഗവേഷക

കുട്ടികളെ പാടത്തേയ്ക്ക് ഇറക്കാനും മണ്ണിലിറങ്ങി കൃഷിചെയ്യാൻ അവർക്ക് പ്രചാേദനം നൽകാനുമായിരുന്നു 'പാഠം ഒന്ന് പാടത്തേയ്ക്ക് ' തുടങ്ങിയത്. ജപ്പാനിലും വിദ്യാർത്ഥികളെ കൃഷിയിടങ്ങളിൽ ഇറക്കുന്ന പതിവുണ്ട്.

-വി.എസ്.സുനിൽകുമാർ, മുൻ കൃഷി മന്ത്രി