vadakkumnathan

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാട് നിരക്ക് വർദ്ധിപ്പിച്ചു. പത്ത് മുതൽ 30 മുപ്പത് ശതമാനം വരെയാണ് വർദ്ധനവ് വരുത്തിയിട്ടുള്ളത്. മൂന്നു വർഷത്തിന് ശേഷമാണ് വഴിപാട് നിരക്കിൽ വർദ്ധനവ് വരുത്തിയിട്ടുള്ളത്. കൊവിഡിനെ തുടർന്ന് ക്ഷേത്രങ്ങളിലെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ദേവസ്വം ബോർഡ് നേരിട്ട് കൊണ്ടിരിക്കുന്നത്. പലപ്പോഴും ശമ്പളം പോലും നൽകിയത് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതിന് പരിഹാരം കാണുന്നതിന്റെ ഭാഗാമായാണ് നിരക്ക് വർദ്ധനയെന്നാണ് വിലയിരുത്തുന്നത്. അതേ സമയം സാധനങ്ങളുടെ വിലക്കയറ്റത്തിനസരിച്ചുള്ള കാലാനുസൃതമായ വർദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളതെന്നാണ് ബോർഡ് അധികൃതരുടെ വിശദീകരണം. പുഷ്പാജ്ഞലി, എണ്ണ, എള്ള് തിരി,ചുറ്റു വിളക്ക്, പായസം , പാൽപായസം , ഗണപതി ഹോമം തുടങ്ങി ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ വഴിപാടുകൾക്കും നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് മുതൽ നിരക്ക് വർദ്ധന പ്രാബല്യത്തിൽ വന്നു. ക്ഷേത്രങ്ങളിൽ നിത്യേനയുള്ള പ്രധാന വഴിപാടുകളായി പുഷ്പാജ്ഞലിക്ക് പത്ത് രൂപയിൽ നിന്ന് പന്ത്രണ്ട് രൂപയാക്കി. ഭാഗ്യ സൂക്തം, ഐക്യമത്യം,സാരസ്വതം തുടങ്ങിയ പുഷ്പാഞ്ജലികൾക്ക് ആറു രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 30 രൂപയാണ് ഈടാക്കിയിരുന്നത്. മാല വഴിപാടിന് പത്ത് രൂപയിൽ നിന്ന് 15 രൂപയാക്കി. ഗണപതി ഹോമം, ഭഗവത് സേവ എന്നിവയെക്കെല്ലാം ക്ഷേത്രങ്ങളുടെ കാറ്റഗറി അനുസരിച്ചാണ് വർദ്ധന വരുത്തിയിട്ടുള്ളത്. ക്ഷേത്രങ്ങളിൽ നടത്തുന്ന വിവാഹങ്ങൾക്കും അത് ചിത്രീകരിക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും വർദ്ധനവ് വരുത്തിയിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ നാനൂറോളം ക്ഷേത്രങ്ങളാണ് ഉള്ളത്. ഇതിൽ തൃപ്രയാർ, കൊടുങ്ങല്ലൂർ,ചോറ്റാനിക്കര, തൃപ്പൂണിത്തുറ,വടക്കുംനാഥൻ, തിരുവില്വാമല തുടങ്ങിയ ക്ഷേത്രങ്ങളിൽ നിന്നാണ് ബോർഡിന് കൂടുതൽ വരുമാനം ലഭിക്കുന്നത്. ചില ക്ഷേത്രങ്ങളിൽ നിന്ന് ജീവനക്കാർക്കുള്ള ശമ്പളം നൽകാനുള്ള വരുമാനം ലഭിക്കുന്നില്ല.