monsoon

തൃശൂർ : പ്രത്യേകം രൂപപ്പെട്ട ന്യൂനമർദ്ദം കനിഞ്ഞെങ്കിലും ശരാശരി ലഭിക്കേണ്ട മഴയിൽ 21 ശതമാനത്തിന്റെ കുറവ്. മൺസൂൺ കാലയളവായ ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസം 2280.8 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 1792.5 മില്ലി മീറ്ററാണ് മഴ ലഭിച്ചത്.

കുറെ വർഷമായി മൺസൂൺ കാലത്ത് ലഭിക്കേണ്ട മഴ ലഭിക്കാറില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. 2018 ൽ പ്രളയം ഉണ്ടായെങ്കിലും മൺസൂൺ കണക്ക് പ്രകാരമുള്ള മഴ ലഭിച്ചില്ല. സംസ്ഥാനത്ത് ഈ സീസണിൽ മഴക്കുറവ് ലഭിച്ച ഏഴ് ജില്ലകളിൽ ഒന്നാണ് തൃശൂർ. കോട്ടയം, പത്തനംതിട്ട ജില്ലകളിലൊഴികെ ഒരിടത്തും ശരാശരി മഴ ലഭിച്ചില്ല. പത്തനംതിട്ടയിൽ ശരാശരി നാല് ശതമാനം മഴ കൂടുതൽ ലഭിച്ചു. ജില്ലയിൽ മഴക്കുറവുണ്ടായെങ്കിലും പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നത് ആശ്വാസമാണ്. സംഭരണ ശേഷിയുടെ അടുത്തെത്തിയതോടെ പീച്ചീ, ചിമ്മിനി, പൂമല ഉൾപ്പെടെയുള്ള ഡാമുകൾ തുറന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസത്തെ ശക്തമായ മഴയിൽ വാഴാനി ഡാമിന്റെ ഷട്ടറും വ്യാഴാഴ്ച്ച തുറന്നു.

പ്രതീക്ഷ തുലാ വർഷത്തിൽ

മൺസൂണിലെ കുറവ് തുലാവർഷത്തിൽ പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് കാലാവസ്ഥാ അധികൃതർ പറയുന്നു. തുലാവർഷത്തിൽ ലഭിക്കുന്ന മഴയും പിന്നീട് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ലഭിക്കുന്ന വേനൽ മഴയുമാണ് ജില്ലയിലെ കാർഷിക മേഖലയെയും അതോടൊപ്പം കുടിവെള്ള ക്ഷാമവും ഒരു പരിധി വരെ പരിഹരിക്കുന്നത്. എന്നാൽ 2016 മുതൽ തുലാ വർഷം ചതിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ചില വർഷങ്ങളിൽ അമ്പത് ശതമാനത്തിലേറെ കുറവാണ് അനുഭവപ്പെട്ടത്.

കഴിഞ്ഞ തുലാവർഷത്തിൽ 43 ശതമാനത്തിന്റെ കുറവുണ്ടായി. 514.2 മില്ലി മീറ്റർ ലഭിക്കേണ്ട മഴയിൽ 295.5 മില്ലി മീറ്റർ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കുറവ് തുലാ വർഷം ലഭിച്ച രണ്ടാമത്തെ ജില്ലയായിരുന്നു തൃശൂർ. ഒക്‌ടോബർ മുതൽ ഡിസംബർ വരെയാണ് തുലാ വർഷ കാലയളവ്.

മൺസൂണിലെ മഴക്കണക്ക്

ലഭിക്കേണ്ട മഴ 2280.8 മില്ലി മീറ്റർ
ലഭിച്ചത് 1792.5 മില്ലി മീറ്റർ


കഴിഞ്ഞ തുലാ വർഷം

295.5 മില്ലി മീറ്റർ
ലഭിക്കേണ്ടത് 514.2 മില്ലി മീറ്റർ.