തൃശൂർ : നാടകാചാര്യൻ ജോസ് ചിറമ്മലിന്റെ സ്മരണയ്ക്കായി സംഗീത നാടക അക്കാഡമിയിൽ സംവാദവേദി നിർമ്മിക്കാൻ നിർവാഹക സമിതി യോഗ തീരുമാനം. നേരത്തെ സ്ഥിരം നാടകവേദിക്കായി കണ്ടു വച്ച ലളിത കലാ അക്കാഡമിക്കും കാന്റീനിനും ഇടയിലുള്ള സ്ഥലമാണ് കോൺഫറൻസ് ഹാളിനായി പരിഗണിക്കുക.
വാഹനങ്ങളുണ്ടാക്കുന്ന ശബ്ദവും വെളിച്ചവും തിയേറ്റർ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാണ് സ്ഥിരം നാടകവേദി എന്ന ആശയം ഉപേക്ഷിച്ചത്. ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിനും മറ്റുമായി സെമിനാറുകളും പ്രദർശനങ്ങളും ചർച്ചകളും സംഘടിപ്പിക്കാൻ ഈ സംവാദവേദി പ്രയോജനപ്പെടും. ജോസ് ചിറമ്മലിന്റെ സ്മരണയ്ക്കായി നാട്യഗൃഹത്തിന് സമീപം ചെറിയൊരു സ്റ്റേജ് മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം ജോസ് ചിറമ്മലിന്റെ ചരമദിനാചരണത്തിനായി അക്കാഡമിയിൽ ഒത്തുകൂടിയ സൃഹൃത്തുക്കളുടെ യോഗത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ യും അക്കാഡമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശിയും ചിറമ്മലിന് സ്മാരകം നിർമ്മിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.