കയ്പമംഗലത്ത് ചക്കാലക്കൽ മധുവിന്റെ കര നെൽക്കൃഷി വിളവെടുപ്പ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു
കയ്പമംഗലം: കരനെൽക്കൃഷിയിൽ രണ്ടാം വർഷവും പൊന്ന് വിളയിച്ച് മധു ചക്കാലക്കൽ. കയ്പമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിലെ തന്റെ പച്ചക്കറി കൃഷി നടത്തിയിരുന്ന ഒരേക്കറോളം വരുന്ന സ്ഥലത്താണ് ഇക്കുറിയും കരനെൽക്കൃഷിയിറക്കി വിളവെടുത്തത്. ഏഴ് വർഷമായി ജൈവക്കൃഷി നടത്തുന്ന മധു ചക്കാലക്കൽ ഇത്തവണ പ്രത്യാശ് വിഭാഗത്തിൽ പെട്ട നെൽ വിത്താണ് ഉപയോഗിച്ചത്.
കരനെൽ വിളവെടുപ്പ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. പോൾസൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജിനൂപ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിലമാത്യു, കൃഷി ഓഫീസർ വി.പി. ശ്രീജിത്ത്കുമാർ, അസി.കൃഷി ഓഫീസർ സജീവ്, സംവിധായകൻ ഷാജി അസീസ്, മണി, സോമൻ കണ്ടങ്ങത്ത് എന്നിവർ സന്നിഹതരായി.
മധുവിന്റെ കൃഷിയിടത്തിൽ ഇഞ്ചി, കൂർക്ക, മഞ്ഞൾ, കൊള്ളി എന്നിവയും നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. ഒരു വർഷം മുമ്പ് വിഷരഹിത വെണ്ടക്കൃഷി നടത്തിയും നാല് വർഷം മുമ്പ് ഹൈബ്രിഡ് പപ്പായ കൃഷി ചെയ്തും വൻ വിജയം നേടിയിരുന്നു. വാഴ, പയർ, വഴുതന, തക്കാളി, പച്ചമുളക്, പടവലം, കക്കരി, ചീര, ഇഞ്ചി തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. ഇക്കോ ഷോപ്പ് വഴിയാണ് പച്ചക്കറി വിറ്റിരുന്നത്.