saraswathy

സരസ്വതി കവിതയെഴുത്തിനിടെ

മാള: സരസ്വതി 69 വയസ്,ഏഴാം ക്ലാസ് വരെ പഠനം...പാട്ടും പാടി കവിതകളെഴുതി നാട്ടിലെ താരമായിരിക്കുകയാണ്. മാളയ്ക്കടുത്ത് സ്‌നേഹഗിരി കാഞ്ഞിരക്കാട് പരേതനായ കുമാരന്റെ ഭാര്യ സരസ്വതി കവിത എഴുതാനും ഈണത്തിൽ പാടാനും തുടങ്ങിയത് പത്ത് വർഷം മുൻപാണ്. അതുവരെ മനസിൽ വരുന്ന കവിതാ ശകലങ്ങൾ എഴുതാറില്ലെങ്കിലും തനിച്ചിരുന്ന് പാടാറുണ്ട്. താരാട്ട് പാട്ടുകൾ അടക്കം നിരവധി കവിതകൾ എഴുതിയിട്ടുണ്ട്.

ഭർത്താവ് കുമാരൻ രോഗബാധിതനായി കിടക്കുന്ന സമയത്താണ് 2012ൽ ആദ്യ കവിത എഴുതിയത്. മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നതിനിടെ 'പോകാം നമുക്കിനി യാത്രയാകൂ' എന്ന പേരിൽ കവിത എഴുതി ഭർത്താവിനെ ചൊല്ലി കേൾപ്പിച്ചു. അതിന്റെ വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്: പോകാം നമുക്കിനി യാത്രയാകൂ, ഈ വെയിലൊന്നു ചായട്ടെ, ഈ തറവാട്ടിൽ നിന്ന് നമുക്കൊരു യാത്ര പോകാം...ആദ്യമായി എഴുതി ഈണം പകർന്ന് ആലപിച്ച ഈ കവിത ഏറെ പ്രശംസ നേടിയിരുന്നു. ഇന്നും സരസ്വതി പല പൊതുവേദികളിലും ഈ കവിത ആലപിക്കാറുണ്ട്. കൂടാതെ എന്റെ കുഞ്ഞനുജത്തി, പച്ചിലക്കാട്ടിലെ കൊച്ചുതത്ത, തേന്മാവിൻ ചോട്ടിലെ കൂട്ടുകാർ, അമ്മയുടെ താരാട്ട്, ഒരു കൊയ്ത്തുപാട്ട് എന്നിങ്ങനെ പോകുന്നു സരസ്വതിയുടെ കവിതകളും നാടൻ പാട്ടുകളും. താരാട്ട് പാട്ടുകൾ അംഗൻവാടികളിൽ ചൊല്ലാറുണ്ട്.

നിമിഷ നേരം കൊണ്ട് ഒരു കവിതയുടെ ആശയം എഴുതി ഈണം നൽകാൻ സരസ്വതിക്ക് കഴിയും. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഇത്തരത്തിൽ കവിതകൾ മനസിൽ ഉണ്ടായിരുന്നില്ലെങ്കിലും ജീവിത വഴിയിൽ എപ്പോഴോ വന്നണഞ്ഞതാണ് കവിതാ ശകലങ്ങൾ. കൂടാതെ പഴയകാല സിനിമാ ഗാനങ്ങളും ഈണത്തിൽ പാടുന്നത് ആസ്വാദകരെ ആകർഷിക്കുന്ന നിലയിലാണ്. സരസ്വതിക്ക് രണ്ട് മക്കളുണ്ട്.

വെറുതെയിരിക്കുന്ന സമയങ്ങളിൽ മനസിൽ വരുന്ന ആശയങ്ങൾ കവിതകളായി എഴുതും. ഈ എഴുത്തിൽ അനുഭവിക്കുന്ന സുഖം അതൊന്ന് വേറെയാണ്. ഇതുവരെ എഴുതിയ കവിതകൾ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു പുസ്തകം ഇറക്കണമെന്ന ആഗ്രഹം മനസിലുണ്ട്

- സരസ്വതി കുമാരൻ