haritha

തൃശൂർ: കുതിരാനിലെ രണ്ടാമത്തെ തുരങ്കം മാർച്ചോടെ തുറക്കാനാകുമെന്ന് ജില്ലാ കളക്ടർ ഹരിത വി. കുമാർ. തൃശൂർ പ്രസ് ക്ലബിന്റെ 'മീറ്റ് ദ പ്രസിൽ' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ. നവംബറിൽ സ്‌കൂൾ തുറക്കുന്നതിനാൽ രോഗവ്യാപനം നിയന്ത്രിക്കേണ്ടതുണ്ട്. വാക്‌സിൻ ഒന്നാം ഡോസ് ജില്ലയിൽ 90 ശതമാനമെത്തിച്ചു. ഈ മാസം 15 ഓടെ ടി.പി.ആർ 15ൽ താഴെയെത്തുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവരിൽ രണ്ട് ശതമാനം മരണമാണ് ജില്ലയിൽ ഉണ്ടായതെന്നും അവർ പറഞ്ഞു.

കാട്ടാന ശല്യം ചർച്ചയിലൂടെ പരിഹരിക്കണം

പാലപ്പിള്ളിയിലെ വന്യമൃഗ ശല്യം തടയാൻ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്നും കളക്ടർ ഹരിത വി. കുമാർ. വനപ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന് സുരക്ഷ നൽകാൻ ഫോറസ്റ്റ് വകുപ്പിന് ഉത്തരവാദിത്വമുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചകൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും തദ്ദേശവാസികളും തമ്മിൽ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും നടത്തണം. ആനയെ കുറിച്ച് ആദിവാസികൾക്കുള്ള അറിവ് പൊതുസമൂഹവുമായി പങ്കുവയ്ക്കണം. നാലാള് കൂടി ഇരുന്ന് ചർച്ച ചെയ്താൽ പരിഹരിക്കാവുന്ന വിഷയമേ ഇക്കാര്യത്തിലുള്ളൂ. മൂന്നാം തരംഗമുണ്ടായാൽ നേരിടാനായി ജില്ലാ ഭരണകൂടം തയ്യാറെടുപ്പുകൾ ആരംഭിച്ചതായും കളക്ടർ വ്യക്തമാക്കി.

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം പാക്കേജ്

കൃഷി വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. പൊതുജനങ്ങൾക്ക് വന്നുപോകാനും ഒരുമിക്കാനുമുള്ള സങ്കേതം ആവശ്യമാണ്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പാക്കേജ് ടൂറിസം നടപ്പാക്കും. ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തുന്നവർക്ക് ജില്ലയിലെ അതിരപ്പിള്ളി, പുത്തൂർ സുവോളജിക്കൽ പാർക്ക് പോലെയുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി സന്ദർശിക്കാൻ സംവിധാനമുണ്ടാക്കണം. ഉത്സവകാലത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് സംബന്ധിച്ച് നേരത്തേ ചേർന്ന മോണിറ്ററിംഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത് ഡി.എം.ഒയെ കൂടി പങ്കെടുപ്പിച്ച് ചേരുന്ന മോണിറ്ററിംഗ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യുമെന്നും കളക്ടർ പറഞ്ഞു.

ആദിവാസി ഊരിൽ വൈദ്യുതിയെത്തിക്കും

വൈദ്യുതി ഇല്ലാത്ത ആദിവാസി ഊരിൽ ഉടനെ വൈദ്യുതിയെത്തിക്കും. വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന വിദഗ്ദ്ധരായ വയോജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ഇവരുടെ കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ നടപ്പാക്കും. തെരുവിൽ കഴിയുന്ന വൃദ്ധർക്കായി പ്രത്യേക സങ്കേതമൊരുക്കുന്ന പദ്ധതി നടപ്പാക്കും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. പ്രഭാത്, സെക്രട്ടറി എം.വി വിനീത, സി.എസ് ദീപു എന്നിവരും പങ്കെടുത്തു.