പുതുക്കാട്: പാലപ്പിള്ളി തോട്ടം മേഖലയിലെ റബ്ലർ വ്യവസായത്തേയും തൊഴിലാളികളേയും തദ്ദേശീയരെയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നൂറ്റാണ്ട് പിന്നിട്ട എണ്ണായിരം ഏക്കറോളമുള്ള പാലപ്പിള്ളിയിലെ തോട്ടം മേഖലയിൽ 1500 ഓളം സ്ഥിരം തൊഴിലാളികളുണ്ട്. ഇവരിൽ 400 ഓളം തൊഴിലാളികൾ താമസിക്കുന്നത് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കാലാഹരണപ്പെട്ട കമ്പനി ക്വാർട്ടേഴ്‌സുകളിലാണ്. ടാപ്പിംഗ് തൊഴിലാളികളും തോട്ടം മേഖലയിലുള്ളവരും വന്യമൃഗ ആകമണ ഭീഷണിയിലാണ് കഴിയുന്നത്. ഡി.എഫ്.ഒ ഉൾപ്പടെയുള്ളവർ തോട്ടം കമ്പനി മാനേജുമെന്റിനോട് ധിക്കാരപരമായ നിലപാടാണ് സ്വീകരിക്കുന്നത്. കൊച്ചിൻ മലബാർ കമ്പനിയുടെ ആയിരത്തോളം ഏക്കർ റബ്ബർ തോട്ടം റീപ്ലാന്റ് ചെയ്യാൻ വനം വകുപ്പ് തയ്യാറാകാത്തത് മൂലം വന്യമൃഗങ്ങളുടെ വാസസ്ഥലമായി അവിടം മാറി. അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് നേതാക്കളായ പി.ജി വാസുദേവൻ നായർ, ആന്റണി കുറ്റൂക്കാരൻ, പി.ജി മോഹനൻ, എം.കെ തങ്കപ്പൻ എന്നിവർ പറഞ്ഞു.