അവണൂർ: മനുഷ്യബന്ധങ്ങളെ കാവ്യഭാഷയിൽ ആവിഷ്‌ക്കരിച്ച കഥയുടെ രാജശിൽപി കാരൂർ നീലകണ്ഠപിള്ളയുടെ കഥകൾക്ക് ശബ്ദാവിഷ്‌കാരം. അവണൂർ പ്രതിഭ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലാണ് കാരൂരിന്റെ 12 അനശ്വരകഥകൾ വായിച്ച് ഓഡിയോ രൂപത്തിലാക്കി കാഴ്ച പരിമിതർക്ക് സമർപ്പിച്ചത്. ബിനി (പൊതിച്ചോറ്), സുമി ഷിബു (പിശാചിന്റെ കുപ്പായം), അപർണ ജീവൻ (അന്നത്തെ കൂലി), സജിത സുധീർ (സേഫ്റ്റിപിൻ ), ഷിബു മണിത്തറ (വിഷുക്കണി), അഡ്വ: ആർ.പ്രീത (മോതിരം), എൻ.ബിനോദ് (വഴിത്തിരിവ്), ഡോ.എ.കെ പ്രജിഷ (ഉതുപ്പാന്റെ കിണർ), വി.എം ഉണ്ണിക്കൃഷ്ണൻ (മരപ്പാവകൾ), നവീൻ പ്രിത്വിരാജ് (ആ വീട്ടുകാർ), സൈമി മുകുന്ദൻ (സാറിനും പട്ടിക്കും),പി.കെ ഉണ്ണിക്കൃഷ്ണൻ (കാൽചക്രം) എന്നിവരാണ് കഥകൾ വായിച്ച് ശബ്ദലേഖനം ചെയ്തത്.
കാരൂർ നീലകണ്ഠപിള്ളയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന സ്മൃതി സദസ് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി ബിജു ഉദ്ഘാടനം ചെയ്തു. വി.എൻ അനന്തൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാലാ സമിതി കൺവീനർ വി.വി ദേവരാജൻ കഥകളുടെ സി.ഡി പ്രകാശനം ചെയ്തു. പി.കെ ഉണ്ണിക്കൃഷ്ണൻ ഏറ്റുവാങ്ങി. പൊതിച്ചോറ് കഥയുടെ സമകാലിക വായനാനുഭവ ചർച്ചയിൽ സൈമി മുകുന്ദൻ, വിപിൻ കോളങ്ങാട്ടുകര, താരാഭായി പട്ടിയിൽ, പി.വി സുരേഷ്, വി.എം അശ്വതി, അനിൽ സമ്രാട്ട്, ജയൻ അവണൂർ, വി.എ ഐശ്വര്യ എന്നിവർ സംസാരിച്ചു.