വടക്കാഞ്ചേരി: തട്ടുകടയിലെ രുചിയേറും എട്ടുകൂട്ടം ചമ്മന്തിക്കും വേറിട്ട മുട്ടദോശയ്ക്കും ആവശ്യക്കാരേറെ. തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ തമിഴ് ദമ്പതികളുടെ തട്ടുകടയിലെ വൈകുന്നേരത്തെ മുട്ടദോശയ്ക്കായെത്തുന്നവർ നിരവധിയാണ്.
വലിയ ദോശകളിൽ ഒരു വശം മസാല ചേർത്ത കോഴിമുട്ടകൾ ഒഴിച്ച് പരത്തിയെടുക്കുന്നതാണ് രീതി. കോയമ്പത്തൂർ ട്രിച്ചി സ്വദേശികളായ ലക്ഷ്മി (38), ഭർത്താവ് രാജേന്ദ്രൻ (42) എന്നിവരാണ് വേറിട്ട രുചിലോകമൊരുക്കുന്നത്.
ലക്ഷ്മിയെന്ന് പേരിട്ടിട്ടുള്ള കടയിൽ 40 രൂപയ്ക്ക് നൽകുന്ന മുട്ടദോശയ്‌ക്കൊപ്പമുള്ള കറികളുടെ വൈവിദ്ധ്യമാണ് എടുത്തു പറയേണ്ട മറ്റൊരു വിശേഷം. സ്വാദിഷ്ടമായ എട്ട് തരം ചമ്മന്തികളാണ് നൽകുന്നത്. മല്ലി, മുളക്, ഇഞ്ചി, പുതിനയില, തക്കാളി എന്നിവ കൊണ്ടുള്ള ചമ്മന്തികളും നാളികേരം കൊണ്ട് വറ്റൽ മുളക്, പച്ചമുളക് എന്നിവ ചേർത്തുള്ള രണ്ട് തരം ചമ്മന്തികളുമാണ് നൽകുക. കൂടാതെ സാമ്പാർ, ചട്‌നി എന്നിങ്ങനെ കറിവിഭവങ്ങളുടെ നീണ്ട നിരയാണ് ഇതോടൊപ്പം നൽകുന്നത്. ചെറിയവിലയും ആരോഗ്യകരമായ ഭക്ഷണവും ഇവിടം ഭക്ഷണ പ്രേമികൾക്ക് പ്രിയപ്പെട്ടതാക്കുന്നു. ഇഡ്ഡലിയും കപ്പയും ചിക്കൻകറിയും മറ്റ് എണ്ണപ്പലഹാരങ്ങളും തട്ടുകടയിൽ ഉണ്ടെങ്കിലും മുട്ടദോശയ്ക്കും ചമ്മന്തികൾക്കുമാണ് ആവശ്യക്കാരേറെ.
ദോശ കഴിച്ചു മടങ്ങുന്ന അന്യജില്ലക്കാർ വരെ ഭക്ഷണം കഴിക്കാനായി മാത്രം തിരികെയെത്താറുണ്ടെന്ന് ലക്ഷ്മിയും രാജേന്ദ്രനും പറയുന്നു. മൂന്നര വർഷം മുൻപാണ് കൂലിപ്പണിക്കായി ഇവർ വടക്കാഞ്ചേരിയിലെത്തുന്നത്. പിന്നെ പ്രദേശത്തെ മലയാളി നടത്തിവന്നിരുന്ന ഈ തട്ടുകടയിൽ സഹായികളായി ജോലിയിൽ പ്രവേശിച്ചു. സാമ്പത്തിക പ്രശ്‌നം മൂലം ഉടമ തട്ടുകട പൂട്ടുമെന്നായപ്പോൾ ദമ്പതികൾ കച്ചവടം ഏറ്റെടുത്തു. കുഞ്ഞുന്നാളിൽ മാതാപിതാക്കൾ വീട്ടിലുണ്ടാക്കി നൽകിയ മുട്ടദോശ പരീക്ഷണാടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്.
കോയമ്പത്തൂരിലെ വീട്ടിലുള്ള രണ്ട് മക്കളുടെ പഠനത്തിനും തങ്ങളുടെ നിത്യവൃത്തിക്കുമുള്ള തുക കണ്ടെത്താനാകുന്നുണ്ടെന്നും മുട്ടദോശ കൂടുതൽ പേരിലേക്കെത്തിക്കുന്നതിനുള്ള ശ്രമം തുടരുമെന്നും ദമ്പതികൾ പറയുന്നു. ഉദ്യോഗസ്ഥർ, ഓട്ടോ, ടാക്‌സി ഉൾപ്പെടെയുള്ള തൊഴിലാളികൾ തട്ടുകടയിലെ സന്ദർശകരാണ്.